പത്തനംതിട്ട : കോന്നി നിയോജകമണ്ഡലത്തിലെ ഇക്കോ ടൂറിസം വികസനം സംബന്ധിച്ച് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കോന്നിയിലെ വിവിധ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ വികസനം സംബന്ധിച്ചാണ് യോഗം ചേർന്നത്. ഗവി-അടവി- -ആനക്കൂട് ടൂറിസം കേന്ദ്രങ്ങളെ പരസ്പരം കോർത്തിണക്കിയുള്ള വിശദമായ പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. ആനക്കൂട്ടിൽ സന്ധ്യാസമയങ്ങളിൽ കൂടുതൽ സമയം സഞ്ചാരികൾക്ക് ചിലവഴിക്കാൻ ക്രമീകരണങ്ങൾ ഒരുക്കുന്നതിനും തീരുമാനമായി. ആനക്കൂട്ടിൽ എത്തുന്ന സഞ്ചാരികൾക്ക് നിലവിലുള്ള വൈകുന്നേരം അഞ്ചുമണി വരെ പ്രവേശനം എന്നത് കൂടുതൽ സമയം ദീർഘിപ്പിച്ച് വൈകുന്നേരം 7 മണി വരെയായി ക്രമീകരിച്ചിട്ടുണ്ട്.
ആനസവാരി ആരംഭിക്കുന്നതിനായി കോന്നി ആനത്താവളത്തിലെ ആനകൾക്കും പാപ്പാന്മാർക്കും പരിശീലനം നൽകി രണ്ടുമാസത്തിനകം ആന സവാരി ആരംഭിക്കുന്നതിന് യോഗം തീരുമാനിച്ചു. കോന്നിയിൽ നിന്നും ജംഗിൾ സഫാരിക്കായി ട്രക്കിംഗ് ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു. പുരാവസ്തു മ്യൂസിയം തുറക്കുന്നതിന്റെ ഭാഗമായി പുരാവസ്തു വകുപ്പ് – വനം വകുപ്പ്- ഡിടിപിസി ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേരുന്നതിനു യോഗം തീരുമാനിച്ചു. അടവിയിൽ എത്തുന്ന സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ആയി ആകർഷകമായ ഗാർഡൻ, റസ്റ്റോറന്റ്, വ്യൂ ഡെക്, എലിഫന്റ് ട്രെഞ്ച്, ബാത്തിങ് പൂൾ വാട്ടർ കിയോസ്ക്, ജംഗിൾ ലോഡ്ജിൽ ഡോർമെറ്ററിയും മുറികളും, വിശാലമായ പാർക്കിംഗ് ഏരിയ , പാതയോര ഭക്ഷണശാല തുടങ്ങിയവയും ക്രമീകരിക്കും.
അടവിയിലെ ബാംബു ഹട്ടുകൾ കൂടുതൽ എണ്ണം നിർമ്മിക്കുന്നതിനും നിലവിലുള്ളവ സഞ്ചാരികളെ ആകർഷിക്കത്തക്ക തരത്തിൽ വിപുലീകരിക്കുന്നതിനും വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കാൻ കൊന്നു ഡിഎഫ്ഒയോട് നിർദ്ദേശിച്ചു. നിലവിൽ മൂന്ന് ഹട്ടുകൾ ആധുനിക നിലവാരത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചിട്ടുണ്ട്. നിരവധി പുതിയ പ്രവർത്തികൾ ആരംഭിക്കുന്നതിനാണ് യോഗത്തിൽ തീരുമാനമായത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ആർക്കിടെക്റ്റിനെ ചുമതലപ്പെടുത്തി അടവിയിൽ ആന പുനരധിവാസ കേന്ദ്രം ഡിസൈൻ തീരുമാനിച്ചു. ഗവിയിലേക്ക് പോകുന്ന സഞ്ചാരികൾക്കായി കക്കിയിലെ പഴയ ഫോറസ്റ്റ് ഓഫീസ് കെട്ടിടം നവീകരിച്ച് റസ്റ്റോറന്റ്, സ്ത്രീ സൗഹൃദ ടോയ്ലറ്റുകൾ, വാഷ് റൂം നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാഴ്ചക്കുള്ളിൽ നിർമ്മാണം പൂർത്തീകരിക്കും.
പ്രവർത്തികൾ സംബന്ധിച്ച റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനും ഏകോപനത്തിനും കൊല്ലം സി സി എഫ് കമലാഹാർ ഐ എഫ് എസിനെ ചുമതലപ്പെടുത്തി.
ആങ്ങമൂഴിയെ ഗവിയുടെ കവാടമായി കണ്ട് പഞ്ചായത്തിന്റെ സഹായത്താൽ വിവിധങ്ങളായ പദ്ധതി തയ്യാറാക്കി നടപ്പിലാക്കുന്നതിനും യോഗത്തിൽ തീരുമാനം ഉണ്ടായി. ഗവിയിലേക്ക് എത്തുന്ന എല്ലാ സഞ്ചാരികൾക്കും ആകർഷകമായ തരത്തിൽ ചിലവഴിക്കുന്നതിന് ആങ്ങമൂഴിയെ ക്രമീകരിക്കുന്നതിനും തീരുമാനമായി. ഈ മാസം തന്നെ വിശദമായ റിപ്പോർട്ട് ഇത് സംബന്ധിച്ച് തയ്യാറാക്കി വർക്കിംഗ് ഗ്രൂപ്പ് ഉൾപ്പെടുത്തി നൽകുന്നതിന് റാന്നി ഡി എഫ് ഓ യോട് എം എൽ എ നിർദ്ദേശിച്ചു.
സംസ്ഥാന ടൂറിസം വകുപ്പ് സീതത്തോട് കേന്ദ്രീകരിച്ച് എത്നോ ഹബ്ബ് അനുവദിച്ചിരുന്നത് ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്.
കോന്നി അടവി കുട്ട വഞ്ചി സവാരികേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ, ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ ഐ എ എസ്, കൊല്ലം സി സി എഫ് കമലാഹാർ ഐ എഫ് എസ്, കോന്നി ഡി എഫ് ഓ ആയുഷ് കുമാർ കോറി ഐ എഫ് എസ്, റാന്നി ഡി.എഫ്. ഒ പി കെ ജയകുമാർ ശർമ്മ ഐ എഫ് എസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.പവിത്രൻ, ഡിടിപിസി സെക്രട്ടറി ബിനോഷ്,
ഗവി ഇക്കൊ ടൂറിസം മാനേജർ സാബു ആർ ഉണ്ണിത്താൻ, ടൂറിസം പ്രൊജക്റ്റ് എൻജിനീയർ വിനോദ്, റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ അജിത് കുമാർ, എസ് അശോക്, ഇക്കോ ടൂറിസം, വനം വകുപ്പ്, ടൂറിസം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.