കൊച്ചി : ജ്യുഡീഷ്യല്‍ അന്വേഷണം ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞിരിക്കുന്നതിനാല്‍ പുതിയ നീക്കങ്ങളുമായി ഇഡിയും. സ്വപ്നാ സുരേഷും സരിതും കസ്റ്റംസിന് നല്‍കിയ ഡോളര്‍ കടത്ത് മൊഴി അടിസ്ഥാനമാക്കിയാണ് ഇഡിയുടെ പുതിയ നീക്കം.
നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടില്‍ വീണ്ടും അന്വേഷണം ഊര്‍ജിതമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യമിട്ടെന്നാണ് സൂചന. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലുള്ള മൂന്ന് പ്രതികളെ ജയിലില്‍ ചോദ്യംചെയ്യും. പൂജപ്പുര ജയിലിലുള്ള പ്രതികളെ മൂന്നുദിവസം ചോദ്യംചെയ്യാന്‍ കോടതി അനുമതി നല്‍കി. ജലാല്‍, മുഹമ്മദ് ഷാഫി, റബിന്‍സ് എന്നിവരെയാണ് ചോദ്യംചെയ്യുന്നത്. ഇതിന് ശേഷം ഡോളര്‍ കടത്തിലേക്ക് അന്വേഷണം എത്തും. ഇതോടെ വീണ്ടും സെക്രട്ടറിയേറ്റ് ഇഡിയുടെ വലയത്തിലാകും.
ജ്യുഡീഷ്യല്‍ അന്വേഷണത്തില്‍ ഹൈക്കോടതിയുടെ അന്തിമ തീരുമാനം ഈ അന്വേഷണത്തില്‍ നിര്‍ണ്ണായകമാകും. അതുകൊണ്ട് തന്നെ കരുതലോടെയാകും നീക്കങ്ങള്‍. ധനകാര്യ വകുപ്പിന് കീഴിലാണ് ഇഡി. എങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ കേസുകളില്‍ പ്രത്യേക താല്‍പ്പര്യം എടുക്കുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നിരീക്ഷിക്കുന്നുണ്ട്. കസ്റ്റംസും ഇഡിയും സിബിഐയും യോജിച്ചുള്ള അന്വേഷണത്തിനും സാധ്യത കൂടുതലാണ്.
ജ്യൂഡീഷ്യല്‍ അന്വേഷണത്തില്‍ ഹൈക്കോടതി വിശദ വാദം കേള്‍ക്കും. അത് ഇഡിക്ക് അനുകൂലമാകുമെന്ന് തന്നെയാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. വിധി എതിരായാല്‍ കേസുമായി സുപ്രീംകോടതിയേയും സമീപിക്കും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലായിരിക്കെ, സ്പെഷല്‍ ബ്രാഞ്ചിന്റെ ആവശ്യപ്രകാരമാണു തന്റെ ശബ്ദരേഖ റെക്കോര്‍ഡ് ചെയ്തതെന്നും കാവലിനുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയുടെ നിര്‍ദേശപ്രകാരമുള്ള കാര്യങ്ങളാണു ഫോണില്‍ സംസാരിച്ചതെന്നും ഡോളര്‍ കടത്തു കേസില്‍ സ്വപ്ന സുരഷിന്റെ മൊഴി കസ്റ്റംസിന് കിട്ടിയിട്ടുണ്ട്.
ഡോളര്‍ കടത്തു കേസിലെ പ്രതികള്‍ക്കു നല്‍കിയ കാരണംകാണിക്കല്‍ നോട്ടിസിലാണ്, 2020 നവംബര്‍ 27ന് രേഖപ്പെടുത്തിയ മൊഴി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം എടുത്തു ചേര്‍ത്തിട്ടുള്ളത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറഞ്ഞാല്‍ തന്നെ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ വാഗ്ദാനം നല്‍കിയെന്നാണ് ശബ്ദ രേഖയിലുള്ളത്. ഈ മൊഴി എല്ലാം കോടതിയില്‍ എത്തിക്കാനാണ് കേന്ദ്ര നീക്കം.
സ്വര്‍ണക്കടത്ത് കേസില്‍ ഇ.ഡി. അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരേ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതും ഇനിയുള്ള അന്വേഷണത്തില്‍ നിര്‍ണ്ണായകമാകും. ജുഡീഷ്യല്‍ കമ്മിഷന്റെ സമാന്തര അന്വേഷണം നയതന്ത്രചാനലിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണത്തെ തകിടം മറിക്കുകയും തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് പ്രഥമദൃഷ്ട്യാ നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്റെ ഇടക്കാല ഉത്തരവ്. ആത്യന്തികമായി അത് സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കായിരിക്കും സഹായമാവുകയെന്നും കോടതി പറഞ്ഞു. മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേരുപറയാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ വെളിപ്പെടുത്തല്‍ പരിശോധിക്കേണ്ടത് കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണെന്നും ഹൈക്കോടതി വിലയിരുത്തി.
ഇ.ഡി.ക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത് ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്തത് സര്‍ക്കാരിന് മറ്റൊരു തിരിച്ചടിയായി. നിയമപരമായ അസ്തിത്വമില്ലാത്ത ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചത് ചോദ്യംചെയ്ത് ഹര്‍ജി ഫയല്‍ ചെയ്യാനാകില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം കോടതി തള്ളി. എന്‍ഫോഴ്‌സുമെന്റ് ഡയറക്ടറേറ്റ് നിയമപരമായ ബോഡിയാണെന്ന് വിലയിരുത്തിക്കൊണ്ടാണിത്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഒരു വകുപ്പ് മാത്രമാണ് ഇ.ഡി.എന്ന വാദം നിലനില്‍ക്കില്ല. ഇക്കാര്യം സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുള്ളതാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ടിഫിക്കേഷന്‍ പ്രകാരം ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ നിയമപരമായ അഥോറിറ്റിയാണെന്ന് വ്യക്തമാണ്. പി.എംഎല്‍എ. ആക്ട് പ്രകാരവും ഡെപ്യൂട്ടി ഡയറക്ടര്‍ നിയമപരമായ അഥോറിറ്റിയാണ് – കോടതി പറഞ്ഞു.