തിരുവനന്തപുരം : പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട് പരിശോധിക്കാനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സി.പി.എമ്മിന്റെ മുതിർന്ന നേതാക്കളുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം. സംഭവസ്ഥലത്തുണ്ടായിരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജോൺ ബ്രിട്ടാസ് എം.പി., മുൻമന്ത്രി വി. ശിവൻകുട്ടി, വി. ജോയി എം.എൽ.എ. അടക്കമുള്ള നേതാക്കളുടെ മൊഴിയെടുക്കാനാണ് ആലോചന. ഇവരെ നോട്ടീസ് നൽകി വിളിപ്പിക്കും. സംഭവത്തിലെ ഗൂഢാലോചനയും ആക്രമണത്തിന് പിന്നിൽ സി.പി.എം. നേതാക്കളുടെ ഇടപെടലുണ്ടായോയെന്നും അന്വേഷിക്കണമെന്ന് ഇ.ഡി. ആവശ്യപ്പെട്ടിരുന്നു.
ആക്രമണത്തിനുശേഷം പ്രതികളെ പിടികൂടാനെത്തിയ പോലീസിനെ പാർട്ടി ഓഫീസിനു മുന്നിൽ ഉന്നതനേതാക്കൾ തടഞ്ഞത് വിവാദമായിരുന്നു. ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് അറസ്റ്റിലായ 25 പ്രതികളുടെ ഫോൺരേഖകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരുമായി സംഭവദിവസവും അടുത്ത ദിവസങ്ങളിലും ഫോണിൽ ബന്ധപ്പെട്ട നേതാക്കളുടെ ഫോൺരേഖകളും അന്വേഷണസംഘത്തിന്റെ പക്കലുണ്ട്. ഈ രേഖകളുടെ അടിസ്ഥാനത്തിൽ സംഭവദിവസം ഇവരുമായി നിരന്തരം ബന്ധപ്പെട്ട ഡി.വൈ.എഫ്.ഐ., സി.പി.എം. നേതാക്കളെ ചോദ്യംചെയ്യാൻ വിളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സംഭവ സ്ഥലത്തുണ്ടായിരുന്ന എല്ലാവരുടെയും മൊഴിയെടുക്കാനും സംശയമുള്ളവരെ ചോദ്യംചെയ്യാനുമാണ് പോലീസ് നീക്കം.
ബിനീഷ് കോടിയേരിയുടെയും എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ., ജില്ലാ ഭാരവാഹികളുടെയും ഫോൺ രേഖകളും ശേഖരിച്ചവയിലുണ്ട്. ബിനീഷ് കോടിയേരി സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും അക്രമസംഭവങ്ങളിൽ നേരിട്ട് പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം. മേയ് 27-നായിരുന്നു തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ പിണറായി വിജയന്റെ വീട്ടിലെ പരിശോധനയ്ക്കുശേഷം തിരിച്ചിറങ്ങിയ ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച് കാറുകൾ തല്ലിത്തകർത്തത്.





























