ന്യൂഡൽഹി: ജിഎസ്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച ഗുജറാത്തിൽ വിവിധ നഗരങ്ങളിൽ പരിശോധന നടത്തി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം കേസെടുത്തതിന് ശേഷം രാജ്കോട്ട്, ജുനഗഡ്, അഹമ്മദാബാദ്, ഭാവ്നഗർ, വെരാവൽ എന്നീ നഗരങ്ങളിലെ 23 ഓളം സ്ഥലങ്ങൾ ഇഡി റെയ്ഡ് ചെയ്തു. നേരത്തെ ജിഎസ്ടി തട്ടിപ്പ് കേസിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ മഹേഷ് ലംഗയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും ഇഡി പരിശോധന നടത്തി. വ്യാജ ഇൻപുട്ട് ടാക്സ് ക്രെഡിറ്റുകളിലൂടെയും വഞ്ചനാപരമായ ഇടപാടുകളിലൂടെയും സർക്കാരിനെ കബളിപ്പിക്കാൻ ആരംഭിച്ച ഷെൽ സ്ഥാപനങ്ങൾ ഉൾപ്പെട്ട അഴിമതിയെക്കുറിച്ച് സെൻട്രൽ ജിഎസ്ടിയിൽ നിന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് സിറ്റി ക്രൈംബ്രാഞ്ച് നിരവധി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
വ്യാജ രേഖകൾ ഉപയോഗിച്ച് ഭാര്യയുടെയും പിതാവിൻ്റെയും പേരിൽ വ്യാജ സ്ഥാപനങ്ങളിൽ ചില സംശയാസ്പദമായ ഇടപാടുകൾ നടത്തിയതായി സെൻട്രൽ ജിഎസ്ടി കണ്ടെത്തിയതിനെ തുടർന്നാണ് ലംഗയും മറ്റ് ഏഴുപേരെയും അടുത്തിടെ അറസ്റ്റ് ചെയ്തത്. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷം ക്രൈംബ്രാഞ്ചും ഗുജറാത്തിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും അഹമ്മദാബാദ്, ജുനഗഡ്, സൂറത്ത്, ഖേദ, ഭാവ്‌നഗർ എന്നിവയുൾപ്പെടെ 14 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. ക്രൈംബ്രാഞ്ച് പറയുന്നതനുസരിച്ച്, വ്യാജ ഇൻപുട്ട് ടാക്സ് ക്രെഡിറ്റുകൾ ഉപയോഗിച്ച് സർക്കാർ ഖജനാവിനെ കബളിപ്പിക്കാൻ സംഘടിതമായി രാജ്യത്തുടനീളം 200-ലധികം വഞ്ചനാപരമായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.വ്യാജ രേഖകളും ഐഡൻ്റിറ്റികളും ഉപയോഗിച്ചാണ് നികുതി വെട്ടിപ്പിന് ഈ സ്ഥാപനങ്ങൾ ഉണ്ടാക്കിയതെന്നും അവർ പറയുന്നു .