ന്യൂഡൽഹി : ഡെൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി – സൗത്ത് ഇന്ത്യൻ സെല്ലിന്റെ ചെയർമാനും കണ്ണൂർ ജില്ലയിലെ പടിയൂർ – തിരൂർ സ്വദേശിയുമായ രാജീവ് ജോസഫിനെതിരെ ഇ.ഡി അന്വേഷണം ആരംഭിച്ചു. ജനുവരി 18 ന് ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് സമൻസിൽ പറഞ്ഞിരിക്കുന്നത്. അടുത്തകാലത്ത് വിദേശ രാജ്യങ്ങളിൽ നിന്നും തന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വന്നിട്ടുണ്ടെന്ന കാരണം പറഞ്ഞാണ് ഇ.ഡി സമൻസ് നൽകിയിരിക്കുന്നതെന്ന് രാജീവ് ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഡെൽഹി പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി – സൗത്ത് ഇന്ത്യൻ സെല്ലിന്റെ സംസ്ഥാന ചെയർമാൻ എന്ന നിലയിൽ ഡി.പി.സി.സി ആസ്ഥാനത്ത് വെച്ച് ഇരുപതോളം അവാർഡ് ഫങ്ക്ഷനുകൾ രാജീവ് ജോസഫ് സംഘടിപ്പിച്ചിരുന്നു. കോവിഡ് വാരിയേഴ്സ് ആയി സ്തുത്യർഹ സേവനം കാഴ്ചവെച്ച ഡെൽഹിയിലെ മൂവായിരത്തിൽപ്പരം നഴ്സുമാർക്കും ഡോക്ടർമാർക്കും സാമൂഹ്യപ്രവർത്തകർക്കും “രാജീവ് ഗാന്ധി നാഷണൽ എക്സലൻസ് അവാർഡുകൾ” നൽകി ആദരിച്ചിരുന്നു. ഏറ്റവും കൂടുതൽ കോവിഡ് വാരിയേഴ്സസിനെ ആദരിച്ച ലോകത്തുനടന്ന ഏറ്റവും വലിയ Chain of Award Function-നായിരുന്നു മൂന്ന് മാസത്തോളം തുടർച്ചയായി ഡി.പി.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച ഈ പരിപാടിയെന്ന് രാജീവ് ജോസഫ് പറഞ്ഞു. കോൺഗ്രസുകാർ മാത്രമല്ല ബിജെപിക്കാരടക്കം രാജ്യത്തുള്ള എല്ലാ പാർട്ടികളിലും വിശ്വസിക്കുന്നവരും പ്രവർത്തിക്കുന്നവരുമായ കോവിഡ് വാരിയേഴ്സ് കോൺഗ്രസ് ആസ്ഥാനത്ത് വന്ന് ഈ അവാർഡ് ഏറ്റുവാങ്ങിയിരുന്നു.
കൂടാതെ അഞ്ഞൂറിലധികം സാമൂഹ്യ പ്രവർത്തകർക്ക് “ഇന്ത്യൻ പീസ് & ഹാർമണി അവാർഡും” ഡി.പി.സി.സി ആസ്ഥാനത്തുവെച്ച് മൂന്ന് മാസങ്ങൾക്കുമുമ്പ് നൽകിയിരുന്നു. ഈ പരിപാടിയുടെ രണ്ടാം ഘട്ടം വിപുലമായ രീതിയിൽ ജനുവരി രണ്ടാം വാരം തുടങ്ങുവാനിരിക്കെയാണ് ഇ.ഡി രാജീവ് ജോസഫിന് സമൻസ് അയച്ചിരിക്കുന്നത്. രാജ്യത്തിന് അകത്തും പുറത്തുമുള്ള ഇന്ത്യാക്കാരായ തന്റെ സുഹൃത്തുക്കൾ ഇടക്കൊക്കെ വ്യക്തിപരമായി അയച്ചുതരുന്ന പണം കൊണ്ടാണ് ഈ അവാർഡ് ഫങ്ക്ഷനുകളും സാമൂഹ്യ -സാംസ്കാരിക -രാഷ്ട്രീയപ്രവർത്തനവുമൊക്കെ ചെയ്യുന്നതെന്ന് രാജീവ് ജോസഫ് പറഞ്ഞു. “വിദേശ പൗരന്മാരിൽ നിന്നും താൻ പണം സ്വീകരിച്ചിട്ടില്ല. തന്റെ ബാങ്കിലേക്ക് വന്ന പണത്തിന്റെ കൃത്യമായ രേഖകൾ തന്റെ കൈവശം ഉണ്ട്. കോൺഗ്രസ് ആസ്ഥാനത്ത് താൻ സംഘടിപ്പിക്കുന്ന അവാർഡ് ഫങ്ക്ഷനുകൾ വഴി ഡെൽഹിയിലെ കോൺഗ്രസ് പാർട്ടിക്കും പ്രവർത്തകർക്കുമുണ്ടാകുന്ന ഊർജ്ജവും ആവേശവും ബിജെപി കേന്ദ്രങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കുന്നതിന്റെ ഏറ്റവും തെളിവാണ് ഇപ്പോൾ തനിക്കെതിരെ ഇ.ഡി സമൻസ് അയച്ചിരിക്കുന്നതെന്ന്” രാജീവ് ജോസഫ് വ്യക്തമാക്കി.
രാജ്യത്തുള്ള ക്രൈസ്തവ വിശ്വാസികളേയും, മുസ്ളീം മതവിശ്വാസികളേയും, ഹിന്ദു മതവിശ്വാസികളേയും തമ്മിലടിപ്പിച്ച് കോർപ്പറേറ്റുകൾക്കുവേണ്ടി രാജ്യം ഭരിക്കുന്ന ബിജെപിയുടെ കപട ഹിന്ദുത്വ രാഷ്ട്രീയ അജണ്ടകൾക്കെതിരെ ഞാൻ പോരാട്ടം തുടങ്ങിയിട്ട് പത്തുകൊല്ലത്തോളമായി. മോദി നയിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ഡൽഹിയിൽ നിരവധി സമരങ്ങൾ ചെയ്തിട്ടുണ്ട്. രാജ്യത്തെ മൈനോരിറ്റി വിഭാഗം നേരിടുന്ന പല പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് നിരവധി സമരങ്ങളും സത്യാഗ്രഹങ്ങളും ഞാൻ സംഘടിപ്പിച്ചിട്ടുണ്ട് രാജീവ് ജോസഫ് പറഞ്ഞു.
ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് യഥാസമയം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഡി.പി.സി.സി സൗത്ത് ഇന്ത്യൻ സെല്ലിന്റെ നേതൃത്വത്തിൽ ‘പ്രിയദർശിനി ടിവി” എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ജനുവരി 29 ന് ആരംഭിക്കുവാൻ ഞാൻ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഇതൊക്കെയായിരിക്കാം തനിക്കെതിരെ നീങ്ങുവാൻ മോദി ഭരണകൂടം തീരുമാനിച്ചതെന്ന് രാജീവ് ജോസഫ് ആരോപിച്ചു. എന്റെ അക്കൗണ്ടുകളിലേക്ക് വന്ന പണത്തിന്റെ എല്ലാ വിശദാംശങ്ങളും കൃത്യമായ കണക്കുകളും കൈവശമുണ്ട്. അതെല്ലാം ഇ.ഡി മുമ്പാകെ കൃത്യമായി ഹാജരാക്കുന്നതായിരിക്കും രാജീവ് ജോസഫ് വ്യക്തമാക്കി. വിദേശത്തുള്ള സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ വ്യക്തിപരമായി പണം അയച്ചുതരുന്നത് വലിയ കുറ്റകൃത്യമാണെങ്കിൽ കേരളത്തിൽ താമസിക്കുന്ന ചുരുങ്ങിയത് ഒരു മില്യൺ ആൾക്കാർക്കെതിരെ ഇ.ഡി കേസെടുക്കേണ്ടി വരുമെന്നും രാജീവ് ജോസഫ് പറഞ്ഞു.
തനിക്കെതിരെ ഇ.ഡിയെ പൊക്കിക്കൊണ്ടുവരുന്നത് കേവലം രാഷ്ട്രീയപ്രേരിതമാണ്. ഏതെങ്കിലും തരത്തിൽ തന്നെ കുടുക്കിക്കൊണ്ട് ബിജെപിയുടെ വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെയുള്ള തന്റെ പോരാട്ടങ്ങൾ അവസാനിപ്പിക്കുക എന്നത് മാത്രമാണ് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ലക്ഷ്യം. അത് നടക്കില്ല. ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും ഭരണഘടനയും കാത്തുസംരക്ഷിക്കുന്നതിനുവേണ്ടി തന്റെ പോരാട്ടങ്ങൾ തുടർന്നുകൊണ്ടേയിരിക്കും രാജീവ് ജോസഫ് വ്യക്തമാക്കി.