കൊച്ചി : കേരളത്തിൽ വരാനിരിക്കുന്നത് കള്ളപ്പണക്കേസുകളുടെ നീണ്ടനിരയെന്ന് സൂചന നൽകി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). കേസുകളുടെ എണ്ണം കൂടുന്നത് കണക്കിലെടുത്ത് പരിചയസമ്പന്നരായ അഭിഭാഷകരുടെ പ്രത്യേക പാനൽ തയ്യാറാക്കാൻ ഇ.ഡി. നടപടി തുടങ്ങി. കോഴപ്പണ ഇടപാടുകളിൽ സംസ്ഥാന വിജിലൻസ്, പോലീസ് കേസുകളുടെ എണ്ണം കൂടിയിട്ടുണ്ട്. ഈ കേസുകളിൽ ഇ.ഡി.ക്കും പ്രത്യേക കേസ് രജിസ്റ്റർചെയ്ത് അന്വേഷിക്കാം. സി.ബി.ഐ.ക്ക് കേസെടുക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി തേടണമെന്ന് വന്നതോടെ ഇ.ഡി.യെ കേരളത്തിൽ കൂടുതൽ ശക്തമാക്കുകയാണ് കേന്ദ്രം. ഇ.ഡി. കൊച്ചി മേഖലാ ഓഫീസിൽ പുതിയ ജോയന്റ് ഡയറക്ടറായി മനീഷ് ഗോധാര ചുമതലയേറ്റശേഷമാണ് നടപടിയെന്നതും ശ്രദ്ധേയമാണ്.
കേരളവുമായി കൊമ്പുകോർത്തതോടെ കേന്ദ്രസർക്കാർ അഹമ്മദാബാദിൽനിന്ന് എത്തിച്ചതാണ് മനീഷ് ഗോധാരയെ. എറണാകുളത്തും കോഴിക്കോട്ടുമുള്ള പ്രിൻസിപ്പൽ സെഷൻസ് കോടതികളാണ് കള്ളപ്പണക്കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതികൾ. ഇവിടങ്ങളിലേക്കായാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ പാനൽ തയ്യാറാക്കുന്നത്. ഏഴുവർഷമെങ്കിലും പരിചയസമ്പത്തുള്ളവരെ തേടുന്നതായി ഹൈക്കോടതി അഭിഭാഷക അസോസിയേഷനെ ഇ.ഡി. അറിയിച്ചു. പത്ത് അഭിഭാഷകർവരെ ഉൾപ്പെടുന്ന പ്രത്യേക പാനൽ തയ്യാറാക്കാനാണ് ആലോചന. സ്വർണക്കടത്ത് കേസ് അന്വേഷണത്തോടെ ഇ.ഡി.ക്ക് കള്ളപ്പണ ഇടപാടുകളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ ലഭിക്കുന്നത് കൂടിയിട്ടുണ്ട്.