തിരുവനന്തപുരം :വികസന പദ്ധതികളെ കുറിച്ച് നടത്തുന്ന അന്വേഷണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മറുപടി നിയമസഭാ എത്തിക്‌സ് കമ്മിറ്റി ഇന്ന് വിലയിരുത്തും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം നടക്കുന്നത്. മറുപടിയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതില്‍ സമിതി അതൃപ്തി രേഖപ്പെടുത്തി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മറുപടി തൃപ്തികരമല്ലെങ്കില്‍ കൂടുതല്‍ നടപടികളിലേക്ക് എത്തിക്‌സ് കമ്മിറ്റി കടക്കുമെന്നാണ് ലഭിച്ചിരിക്കുന്ന സൂചന.
വികസന പദ്ധതികളിലേക്ക് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നീങ്ങിയതിനുപിന്നാലെയാണ് എത്തിക്‌സ് കമ്മിറ്റി ഇ.ഡിക്ക് നോട്ടീസ് നല്‍കിയത്. തളിപ്പറമ്പ് എംഎല്‍എ ജെയിംസ് മാത്യുവാണ് ലൈഫ് പദ്ധതിയുടെ രേഖകള്‍ ഇ.ഡി ആവശ്യപ്പെട്ടത് പദ്ധതി തടസപ്പെടുത്താന്‍ വേണ്ടിയാണെന്ന പരാതി സ്പീക്കര്‍ക്ക് സമര്‍പ്പിച്ചത്.
ഒരു തരത്തിലും നിയമസഭയുടെ അധികാരത്തില്‍ കടന്നു കയറാന്‍ ശ്രമിച്ചില്ലെന്നും ഫയലുകള്‍ വിളിച്ചു വരുത്താനുള്ള നിയമപരമായ അധികാരം ഉണ്ടെന്നുമാണ് ഇ.ഡി മറുപടി നല്‍കിയത്. ഇത് നിയമസഭാ സെക്രട്ടറിക്ക് ലഭിക്കും മുന്‍പ് ചോര്‍ന്നതില്‍ നിയമസഭ എത്തിക്‌സ് കമ്മിറ്റിക്ക് അതൃപ്തിയുള്ളതായാണ് സൂചന. ഇത് നിയമസഭയോടുള്ള അവഹേളനമാണെന്ന വിലയിരുത്തലുമുണ്ട്. മറുപടി ചോര്‍ത്തിയെന്ന ആരോപണം ഇ.ഡി ഇതിനകം നിഷേധിച്ചിട്ടുണ്ട്.