തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിന്‍റെ അന്വേഷണം ഉന്നതരിലേക്ക് തന്നെയാണെന്ന് ഇഡി. ഇന്നലെ അറസ്റ്റിലായ സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷന് പല പ്രമുഖ രാഷ്രീയ നേതാക്കളുമായും ഉന്നതരുമായും ബന്ധമുണ്ടെന്നും ഇവരിൽ ചിലർക്ക് ഈ തട്ടിപ്പിൽ പങ്കുണ്ടെന്നുമാണ് എൻസ്ഫോഴ്സ്മെന്‍റ് ഡിറക്ട്രേറ്റ് കോടതിയെ അറിയിച്ചിരിക്കുന്നത്. ഇവരിൽ ആരൊക്കെ തട്ടിപ്പിന്‍റെ പങ്ക് പറ്റിയിട്ടുണ്ടെന്ന് വിശദമായി അന്വേഷിക്കുമെന്നുമാണ് റിമാൻഡ് റിപ്പോർട്ടിലുളളത്. ഇന്നലെ അറസ്റ്റിലായ പി ആർ അരവിന്ദാക്ഷനായും മുൻ ബാങ്ക ജീവനക്കാരൻ ജിൽസിനേയും കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് ഇ ഡി നൽകിയ അപേക്ഷ കൊച്ചിയിലെ കോടതി ഇന്ന് പരിഗണിക്കും.
സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആര്‍ അരവിന്ദാക്ഷന്‍റെ റിമാൻഡ് റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു. കരുവന്നൂർ പി ആർ അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്നാണ് ഇഡി റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. കേസിലെ മുഖ്യ പ്രതി സതീഷ് കുമാറാണ് പണം ബാങ്കിൽ നൽകിയതെന്നും റിപ്പോർട്ടില്‍ പറയുന്നു. കരുവന്നൂർ ബാങ്കിൽ നിന്ന് തട്ടിയ ബെനാമി വായ്പയിൽ നിന്നാണ് ഈ പണം സതീഷ് നൽകിയത്. കരുവന്നൂർ ബാങ്കിൽ നടത്തിയ തട്ടിപ്പിന് സതീശനെ അരവിന്ദാക്ഷൻ സഹായിച്ചുവെന്നും തട്ടിപ്പാണ് എന്ന് അറിഞ്ഞാണ് സഹായം ചെയ്തതെന്നും റിപ്പോർട്ടില്‍ പറയുന്നു. അരവിന്ദാക്ഷനെതിരെ കൂടുതല്‍ സാക്ഷി മൊഴികളുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.