കൊച്ചി : എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ സ്വത്തുവകകള്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ടൂകൊണ്ട് പോപ്പുലര്‍ നിക്ഷേപ തട്ടിപ്പിലെ പ്രതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. റിനു മറിയം തോമസ്, പ്രഭാ തോമസ്, റിയാ ആന്‍ തോമസ്, റീബാ മേരി തോമസ്, മേരിക്കുട്ടി ദാനിയേല്‍ എന്നിവരാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ടുള്ള തോമസ് ദാനിയേല്‍ (റോയി) ഇതില്‍ കക്ഷിയല്ല. കോടതിയുടെ കൂടുതല്‍ പരിഗണന ലഭിക്കുന്നതിനുവേണ്ടിയാണ് സ്ത്രീകള്‍ മാത്രം കക്ഷികളായി ഹര്‍ജി ഫയല്‍ ചെയ്തത്.
ഇ.ഡി കണ്ടുകെട്ടിയ സ്വത്തുവകകള്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ടൂകൊണ്ട് പ്രതികള്‍ എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റിന്റെ ഡല്‍ഹിയിലുള്ള ഉന്നതാധികാരസമിതിയെ (E.D Adjudicating Authority) സമീപിച്ചിരുന്നു. എന്നാല്‍ പ്രതികളുടെ ഈ ആവശ്യം സമിതി നിരസിച്ചു. ഇതിനെതിരെയാണ് പ്രതികള്‍ കേരളാ ഹൈക്കോടതിയെ സമീപിച്ചത്. പോപ്പുലര്‍ ഫിനാന്‍സ് തകരുന്ന സമയം അതിന്റെ ചുക്കാന്‍ പിടിച്ചത് തോമസ് ദാനിയേലിന്റെ മൂത്ത മകള്‍ ഡോക്ടര്‍ റിനു മറിയം തോമസ് ആണ്. റിനു ഒന്നാം കക്ഷിയായിട്ടാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. തോമസ് ദാനിയേലിന്റെ മാതാവും വയോധികയുമായ മേരിക്കുട്ടി ദാനിയേലും ഹര്‍ജിക്കാരിയാണ്.
ഇവരുടെ തന്ത്രപരമായ നീക്കം നിക്ഷേപക സംഘടനയായ പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്റെ (പി.ജി.ഐ.എ) അഭിഭാഷകര്‍ കണ്ടുപിടിക്കുകയും പ്രതികള്‍ നല്‍കിയ കേസില്‍ നിക്ഷേപകര്‍ക്കുവേണ്ടി കക്ഷി ചേരുകയുമായിരുന്നു. കോന്നി സ്വദേശി ആനിയമ്മ കോശിയുടെ പേരിലാണ് പി.ജി ഐ.എ കക്ഷി ചേര്‍ന്നത്. ഇതോടെ നിക്ഷേപകരുടെ വാദംകൂടി കേട്ടതിനു ശേഷമാകും ഈ കേസില്‍ തീരുമാനം ഉണ്ടാകുക. പി.ജി.ഐ.എ ക്കുവേണ്ടി ന്യുട്ടന്‍സ് ലോ അഭിഭാഷകരായ മനോജ് വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ ടി.കെ എന്നിവര്‍ ഹാജരായി.