ചിറ്റാർ : ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഏപ്രിൽ 05നു എഡ്യൂ കണക്ട് എക്സ്പോ ചിറ്റാർ എസ് എൻ ഡി പി ഓഡിറ്റോറിയത്തിൽ നടക്കും. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ഉയരെയും സംസ്ഥാന സർക്കാരിൻ്റെ നൈപുണ്യ വികസന മിഷനായ കെ എ എസ് ഇയും ചേർന്നാണു എഡ്യൂ കണക്ട് എക്സ്പോ സംഘടിപ്പിക്കുന്നത്. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ ജോസഫ് അന്നക്കുട്ടി ജോസ് ക്ലാസ് നയിക്കും. കരിയർ കൗൺസിലർ അജി ജോർജ് ഉപരി പഠന സാദ്ധ്യതകൾ വിശദീകരിക്കും. +2 പഠനം കഴിഞ്ഞ കുട്ടികളും അവരുടെ രക്ഷിതാക്കളും ഒരുപോലെ ചോദിക്കുന്ന ചോദ്യമാണ് ഇനി എന്ത് പഠിക്കണം ? എന്നത്.
മാറുന്ന ഈ കാലഘട്ടത്തിൽ ശാസ്ത്രം, ആരോഗ്യ രംഗം, വിവരസാങ്കേതിക വിദ്യ, നിർമ്മാണ മേഖല, കയറ്റുമതി, വ്യവസായികം തുടങ്ങിയ വിവിധ മേഖലകളിൽ വലിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന നിരവധി ആധുനിക കോഴ്‌സുകൾ ഇപ്പോളുണ്ട്. എന്നാൽ മലയോര മേഖലയായ നമ്മുടെ പ്രദേശത്തെ കുട്ടികൾക്കും രക്ഷിതാക്കൾക്കും പലപ്പോഴും ഇത്തരം കോഴ്‌സുകളെ പറ്റി അറിയാതെ പോകുന്നു എന്നത് യാഥാർത്ഥ്യമാണ്. എഡ്യൂ കണക്ട് എക്സ്പോ വഴി നമ്മുടെ കുട്ടികൾക്ക് മുൻപിലേക്ക് മാറുന്ന ലോകത്തെ പുതിയ കോഴ്സുകളും അവയുടെ അവസരങ്ങളും പരിചയപ്പെടുത്തുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. ഏപ്രിൽ 5 ശനിയാഴ്ച രാവിലെ 10 ചിറ്റാർ എസ്എൻഡിപി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം നിർവഹിക്കും.