പത്തനംതിട്ട : കുമ്പഴയിലെ എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപന ഉടമക്കുനേരെ വധശ്രമം. മുഖംമൂടി ആക്രമണത്തില്‍ സാരമായി പരിക്കേറ്റ നോബിള്‍ പീറ്റര്‍ (26)നെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുമ്പഴ – കോന്നി റോഡില്‍ ഇന്നലെ രാത്രി എട്ടര മണിയോടെയാണ് സംഭവം. കണ്ടെയിന്‍മെന്റ് സോണില്‍ ആയിരുന്നിട്ടും ഈ സ്ഥാപനം രാത്രിയിലും തുറന്നിരുന്നു. എന്നാല്‍ ഒരു വിദ്യാര്‍ത്ഥിയുടെ അഡ്മിഷനുമായി ബന്ധപ്പെട്ട രേഖകള്‍ എടുക്കുവാനാണ് തുറന്നിരുന്നതെന്ന് ഉടമ നോബിള്‍ പറയുന്നു. രാതി എട്ടര മണിയോടെ ഒന്നാം നിലയിലെ സ്ഥാപനം പൂട്ടി താഴെ എത്തുമ്പോള്‍ മുഖമൂടി ധരിച്ചെത്തിയ നാലോളം പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇരുമ്പ് വടിയും കല്ലും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ സാരമായി പരിക്കേറ്റ നോബിള്‍ പീറ്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമിച്ചവരെ തനിക്കറിയാമെന്നും അവര്‍ കോന്നി താഴം സ്വദേശികള്‍ ആണെന്നും ഒരാളുടെ പേര് ലിജോ എന്നാണെന്നും പരുക്കേറ്റ നോബിള്‍ പറഞ്ഞു. സ്ഥാപനമോ ലൈസന്‍സോ ഇല്ലാത്ത ഇയാള്‍ കോവിഡ് കാലത്ത് വീടുകള്‍ കയറിയിറങ്ങി വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകളും പണവും വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും ഇതിനെതിരെ എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സികളുടെ ജില്ലാതല ഗ്രൂപ്പില്‍ ഇയാളെ പേരെടുത്ത് പരാമര്‍ശിക്കാതെ ഓഡിയോ ക്ലിപ്പ് നല്‍കിയിരുന്നുവെന്നും പരുക്കേറ്റ നോബിള്‍ പറഞ്ഞു. മൂന്നു ദിവസം മുമ്പ് നടന്ന ഈ സംഭവമായിരിക്കാം പ്രകോപനത്തിന് കാരണമെന്നും നോബിള്‍ പറഞ്ഞു. പത്തനംതിട്ട പോലീസ് വധശ്രമത്തിന് കേസെടുത്തു. ആശുപത്രിയില്‍ കഴിയുന്ന നോബിളിന്റെ മൊഴിയും രേഖപ്പെടുത്തി.
ഉപരിപഠനത്തിനുള്ള അഡ്മിഷന്‍ കാലമായതോടെ എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സികള്‍ തമ്മിലുള്ള കുടിപ്പകയും മത്സരവും വര്‍ധിച്ചിരിക്കുകയാണ്. അധോലോകത്തെ വെല്ലുന്ന മത്സരമാണ് ഇവര്‍ തമ്മില്‍. ലോക്ക് ഡൌണ്‍ മൂലം ഉപരിപഠനം നല്‍കുന്ന സ്ഥാപനങ്ങള്‍ മിക്കതും വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രത്യേകിച്ച് കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങള്‍. ഇവര്‍ വന്‍ തുകയാണ് കമ്മീഷനായി എജന്റിന് നല്‍കുന്നത്. ഫീസിലും ഇളവ് നല്‍കുന്നുണ്ട്. എന്നാല്‍ ഇതൊന്നും ഫലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കില്ല. ഇതിനെപ്പറ്റി വലിയ അറിവില്ലത്ത സാധാരണക്കാരെ ഇടനിലക്കാരായ ഇവര്‍ പറ്റിക്കുകയാണ്. പണവും സര്‍ട്ടിഫിക്കറ്റുകളും ആദ്യംതന്നെ ഇവര്‍ കയ്ക്കലാക്കും. പിന്നീട് ഇവരില്‍നിന്നും രക്ഷപെടുവാന്‍ കഴിയില്ല. നേരത്തെ പറഞ്ഞിരുന്ന കോളേജില്‍ ആയിരിക്കില്ല ഇവര്‍ക്ക് അഡ്മിഷന്‍ നല്‍കുന്നതും. ഒരു വിദ്യാര്‍ത്ഥിയെ ചാക്കിട്ടു പിടിച്ചുകൊടുത്താല്‍ മെയ് അനങ്ങാതെ കയ്യില്‍ തടയുന്നത് പതിനായിരങ്ങളും ലക്ഷങ്ങളുമാണ്. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ കടുത്ത മത്സരമാണ്. അതിപ്പോള്‍ അധോലോകത്തെപ്പോലും പിന്നിലാക്കിക്കഴിഞ്ഞു. മുഖം മൂടി ആക്രമണവും കൊലപാതക ശ്രമവും വരെ എത്തിക്കഴിഞ്ഞു.