തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിലെ പാഠപുസ്തക പരിഷ്കരണത്തിന്റെ തുടർച്ചയും ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം വരുത്തിയ മാറ്റങ്ങളും ഈ പരിഷ്കരണത്തിൽ ഗൗരവമായി പരിഗണിക്കും. ആദ്യഘട്ടത്തിൽ എസ്‌സിഇആർടി-യുടെ 80 ടൈറ്റിൽ പാഠപുസ്തകങ്ങളാണ് പരിഷ്കരിക്കുകയെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്ലസ് വൺ പ്രവേശനം നേടിയവരുടെ കണക്കും മലപ്പുറം ജില്ലയിലെ സ്ഥിതിയും മന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.
നിലവിൽ 2015-ൽ പരിഷ്കരിച്ച പാഠപുസ്തകങ്ങളാണ് വിദ്യാലയങ്ങളിൽ ഉപയോഗിച്ചു വരുന്നത്. കഴിഞ്ഞ 10 വർഷകാലയളവിനിടയിൽ വലിയ മാറ്റങ്ങളാണ് ലോകത്താകമാനം സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ മാറ്റങ്ങളെയെല്ലാം പരിഗണിച്ചുകൊണ്ടും ഭാവിയിലെ വെല്ലുവിളികൾ പരിഗണിച്ചു കൊണ്ടാകും പാഠപുസ്കങ്ങൾ പരിഷകരിക്കുക. പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ ഈ അധ്യയന വർഷം പൂർത്തീകരിച്ച് അടുത്ത വർഷം കുട്ടികളുടെ കയ്യിൽ പുതിയ പുസ്തകങ്ങൾ എത്തിച്ചേരുന്ന നിലയിൽ പൂർത്തീകരിക്കും. പ്ലസ് വൺ പ്രവേശനം നേടിയവർ: മെറിറ്റ് – 49636. സ്പോർട്സ് ക്വാട്ട 1040. മോഡൽ റസിഡൻഷ്യൽ സ്കൂൾ- 38. കമ്മ്യൂണിറ്റി ക്വാട്ട- 3479. മാനേജ്മെന്റ്- 4628. അൺ എയിഡഡിൽ ചേർന്നവർ- 3298. ആകെ 62,119. അലോട്ട്മെന്റ് നൽകിയിട്ടും പ്രവേശനം നേടാത്തവർ- 12358.
മലപ്പുറം ജില്ലയിലെ നിലവിലുള്ള ഒഴിവുകൾ: മെറിറ്റ്- 8742. മോഡൽ റസിഡൻഷ്യൽ സ്കൂൾ 12. അൺഎയിഡഡ്- 8003. ആകെ ഒഴിവുകൾ- 16757. അൺ എയിഡഡ് സീറ്റുകൾ ഒഴിവാക്കിയാലും 8754 സീറ്റുകൾ ഒഴിഞ്ഞുകിടപ്പുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മലപ്പുറത്ത് പ്രവേശനം നേടാനുള്ള അപേക്ഷകരുടെ എണ്ണം- 11,438 ആണ്. ഒന്നാം സപ്ലിമെൻററി അലോട്ട്‌മെൻറ് റിസൾട്ട് – 2025 ജൂലൈ 4 ന് പ്രസിദ്ധീകരിക്കും. ഒന്നാം സപ്ലിമെന്‍ററി പ്രവേശനം – 2025 ജൂലൈ 4 മുതൽ 8 വരെ നടക്കും. രണ്ടാം സപ്ലിമെൻററി അപേക്ഷകൾ – 2025 ജൂലൈ 9 മുതൽ 11 വരെ സ്വീകരിക്കും. രണ്ടാം സപ്ലിമെൻററി അലോട്ട്മെന്റ് റിസള്‍ട്ട് ജൂലൈ 16 ന് പ്രസിദ്ധീകരിക്കും.
സ്കൂൾ മാറ്റത്തിനുള്ള അപേക്ഷ – 2025 ജൂലൈ 19 മുതൽ 21 വരെ അലോട്ട്‌മെൻറിനു ശേഷം ഒഴിവുകൾ പ്രസിദ്ധപ്പെടുത്തി സ്പോട്ട് അഡ്മിഷനുള്ള അവസരവും നൽകുന്നതാണ്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി ഒന്നാം ഘട്ട അലോട്ട്മെന്‍റ് സ്ഥിര പ്രവേശനം നേടിയത് – 20,585. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് നല്‍കിയത് 7,116. മെറിറ്റ് ഒഴിവുകള്‍ – 2,959. ഹയർ സെക്കണ്ടറി പ്രവേശനത്തിന് ആരെങ്കിലും ഏതെങ്കിലും സ്കൂൾ കാപ്പിറ്റേഷൻ ഫീസ് വാങ്ങിയാൽ അതിന്റെ പത്തിരട്ടി പിഴ ഈടാക്കുമെന്നും മന്ത്രി അറിയിച്ചു. പ്രവേശനത്തിന് സ്‌ക്രീനിംഗ് പാടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.