തിരുവനന്തപുരം : കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസകായിക പ്രോത്സാഹന അവാർഡിന് അപേക്ഷിക്കാം. 2024-2025 അധ്യയന വർഷം എസ് എസ് എൽ സി, പ്ലസ് ടു/വി എച്ച് എസ് സി പരീക്ഷകളിലും സർക്കാർ റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്‌കൂളുകളിൽ നിന്നും ഉന്നത വിജയം നേടിയവർ, കായിക മത്സരങ്ങളിൽ ദേശീയ-സംസ്ഥാന തലങ്ങളിൽ വിജയിച്ചവർ എന്നിവർക്കാണ് അർഹത. എസ് എസ് എൽ സി, ടി എച്ച് എസ് എൽ സി പരീക്ഷകളിൽ എട്ട് മുതൽ 10 എപ്ലസ് വരെ നേടിയവർക്കും പ്ലസ് ടു/വി എച്ച് എസ് സി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് വാങ്ങിയവർക്കും അപേക്ഷിക്കാം.
വ്യക്തിഗതവും ഗ്രൂപ്പ് അടിസ്ഥാനത്തിലും കായിക മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവർക്കാണ് കായിക അവാർഡിന് അപേക്ഷിക്കാനാവുക. സർട്ടിഫിക്കറ്റിന്റെയും മാർക്ക് ലിസ്റ്റിന്റെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ്, രക്ഷകർത്താവിന്റെ ക്ഷേമനിധി ബോർഡ് പാസ് ബുക്കിന്റെ ഫോട്ടോ പതിച്ച പേജ്, കുടുംബ വിവര പേജ്, വിഹിതമടവ് രേഖപ്പെടുത്തിയ പേജ്, വിദ്യാർഥിയുടെ ആധാർ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകളും, പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ (2 എണ്ണം) സഹിതമുള്ള രണ്ട് സെറ്റ് അപേക്ഷകൾ മെയ് 20നകം മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഫിഷറീസ് ഓഫീസുകളിൽ സമർപ്പിക്കണം.