പത്തനംതിട്ട : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സാറന്മാര്‍ വായ്പ നല്‍കാത്തതിനാല്‍ വിദ്യാര്‍ത്ഥികളുടെ പഠനം പാതി വഴിയില്‍. എസ്ബിഐ വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനാല്‍ പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ട നിലയിലാണ് 45ഓളം വിദ്യാര്‍ത്ഥികള്‍. വായ്പ അനുവദിക്കാത്തതിനാല്‍ പഠനം പൂര്‍ത്തിയാക്കാനോ പരീക്ഷ എഴുതാനോ കഴിയാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
എന്‍.എസ്.ഡി.യുടെ അംഗീകാരത്തോടെ പത്തനംതിട്ട ഇമേജ് ക്രിയേറ്റീവ് എജ്യൂക്കേഷന്‍ എന്ന സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ബാങ്കിന്റെ കെടുകാര്യസ്ഥത മൂലം വഴിയാധാരമായിരിക്കുന്നത്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നതനുസരിച്ച് ജോലിയും ഉറപ്പാക്കുന്ന ഹയര്‍ ഡിപ്‌ളോമ ആനിമേഷന്‍ കോഴ്‌സാണ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്. 10,പ്‌ളസ് ടൂ , വിദ്യാഭ്യാസത്തിനു ശേഷം പ്രവേശനം ലഭിക്കുന്ന കോഴ്സാണിത്. പത്തനംതിട്ട ടൗണ്‍ ബ്രാഞ്ചിലാണ് വിദ്യാര്‍ത്ഥികള്‍ വായ്പയ്ക്ക് അപേക്ഷിച്ചത്.
ബ്രാഞ്ചില്‍ നിന്ന് റീജീയണല്‍ ഓഫീസിലേയ്ക്ക് ഫയലുകള്‍ അയച്ചെങ്കിലും അവിടെ നടപടികള്‍ക്ക് അമാന്തം വരുത്തുന്നതാണ് വായ്പ ലഭിക്കാത്തതെന്ന് വിദ്യാര്‍ത്ഥികളും സ്ഥാപന അധികൃതരും പറയുന്നു. 2020 സെപ്തംബര്‍ മുതലുള്ള അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. അപേക്ഷകര്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ്. 2018-19 വര്‍ഷത്തില്‍ 24 വിദ്യാര്‍ത്ഥികളായിരുന്നു അപേക്ഷിച്ചിരുന്നത്. അവര്‍ക്ക് വായ്പ നല്‍കുകയും ചെയ്തതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.
എന്നാല്‍ 20-21 വര്‍ഷത്തെ അപേക്ഷകളിലാണ് തുടര്‍ നടപടി ഉണ്ടാകാത്തത്. ബാങ്കിന്റെ ഹെഡ്ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ വായ്പ ലഭിക്കുന്നതിന് തടസ്സമില്ലെന്ന് പറയുന്നു. എന്നാല്‍ റീജീയണല്‍ ഓഫീസില്‍ നിന്ന് വായ്പ തരുന്നതിന് അനുമതി നല്‍കുന്നില്ല. വിദ്യാഭ്യാസ വായ്പ നല്‍കുവാന്‍ മിക്ക ബാങ്കുകള്‍ക്കും താല്‍പ്പര്യമില്ല. എന്നാല്‍ ഇഷ്ടക്കാര്‍ക്കും സ്വന്തക്കാര്‍ക്കും വഴിവിട്ട് വായ്പകള്‍ അനുവദിക്കുന്നുമുണ്ട്.