ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്തേര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥപനങ്ങള്‍ എന്ന് തുറക്കാമെന്നതിലും അനിശ്ചിതത്വം തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മേഖലയ്ക്കായി പ്രത്യേക പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുകയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ക്ലാസുകള്‍ക്കായുള്ള പ്രത്യേകം ടിവി ചാനലുകള്‍.
ഇന്റര്‍നെറ്റില്ലാത്തവര്‍ക്ക് ചാനലുകള്‍ വഴി വിദ്യാഭ്യാസ പരിപാടികള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ 12 ചാനലുകള്‍ തുടങ്ങുന്നത്. ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ക്കായി പ്രത്യേക ടിവി ചാനലുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ററര്‍നെറ്റും സ്മാര്‍ട്ട് ഡിവൈസുകളും ഇല്ലാത്തവരെ ഉദ്ദേശിച്ചാണ് ഈ നടപടിയെന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍ മൂന്ന് ചാനലുകളിലാണ് സ്കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ക്ലാസുകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നത്. ഇത് ഓരോ ക്ലാസുകള്‍ക്കുമായി വര്‍ധിപ്പിക്കാനാണ് നീക്കം. ഓരോ ക്ലാസിനും ഓരോ ചാനല്‍. സ്വയംപ്രഭ എന്ന പേരിലാണ് ഡിടിഎച്ച് ചാനലുകള്‍ ആരംഭിക്കുന്നത്. ടാറ്റ സ്കൈയും, ഏയര്‍ടെല്ലും അടക്കമുള്ള സ്വകാര്യ ഡിടിഎച്ച് സേവനദാതാക്കളുമായി വിദ്യാഭ്യാസ സംബന്ധമായ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ടിവി ചാനലുകള്‍ക്ക് പുറമെ റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, പോഡ്കാസ്റ്റ് എന്നിവയും വിദ്യാഭ്യാസ പരിപാടികളുടെ പ്രക്ഷേപണത്തിനായി ഉപയോഗിക്കും. സംസ്ഥാനങ്ങളുമായും ഈ കാര്യത്തില്‍ സഹകരണമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ദീക്ഷ ഡിജിറ്റല്‍ വിദ്യാഭ്യാസ പ്ലാറ്റ് ഫോമിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള നൂറ് സര്‍വകലാശാലകള്‍ക്ക് ഈ അധ്യായന വര്‍ഷം തന്നെ ഓണ്‍ലൈന്‍ കോഴ്സുകള്‍ തുടങ്ങുന്നതിനുള്ള അനുമതി നല്‍കുമെന്നും മന്ത്രി അറിയിച്ചു. ആത്മനിര്‍ഭര്‍ ഭാരത് രണ്ടാം ഘട്ട സാമ്പത്തിക പാക്കേജിന്റെ അഞ്ചാം ഘട്ട പ്രഖ്യാപനങ്ങള്‍ നടത്തി ധനമന്ത്രി നിര്‍മല സീതാരാമന്‍. 20 ലക്ഷം കോടി പാക്കേജിന്റെ അഞ്ചാം ഘട്ടമാണിത്. കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നടപ്പിലാക്കിയ കാര്യങ്ങള്‍ എടുത്തുപറഞ്ഞാണ് ധനമന്ത്രി വാര്‍ത്താസമ്മേളനം ആരംഭിച്ചത്. രാജ്യം പ്രത്യേക സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രതിസന്ധികളെ അവസരങ്ങളാക്കാനാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.