തൃശൂർ : ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുക്കാൻ സാംസ്‌കാരിക മേഖലയുടെ കരുത്തുറ്റ ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസുകളുടെ തുടർച്ചയായി കലാ-സാംസ്‌കാരിക പ്രവർത്തകരുമായി നടത്തിയ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചുവരുണ്ടെങ്കിലേ ചിത്രമെഴുതാനാകൂ. ചുവർ തന്നെ തകർന്നാലോ?. ഈ ചുവർ ജാതി-മത ഭേദങ്ങൾക്കപ്പുറമുള്ള ഒരുമയുടേതാണ്. കലയ്ക്കും കലാകാരനും എഴുത്തിനും എഴുത്തുകാരനും നിലനിൽക്കണമെങ്കിൽ ജനമനസുകളുടെ ഐക്യത്തിന്റെ ചുവർ കേരളത്തിൽ നിലനിൽക്കണം.
ഫാസിസം കടന്നുകൂടിയാൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് പറഞ്ഞിട്ടു കാര്യമില്ല. ഇന്ത്യയിൽ മേൽക്കൈ നേടിക്കൊണ്ടിരിക്കുന്ന വർഗീയതയെ പ്രതിരോധിക്കാൻ സാംസ്‌കാരിക പ്രവർത്തകരുടെ ഇടപെടൽ അനിവാര്യമാണ്. ഫെഡറൽ ഘടനയ്ക്കായുള്ള പോരാട്ടം സാംസ്‌കാരിക രംഗത്തുണ്ടാവണം. ഐക്യകേരളത്തെ ജാതി-മതം-ജീവിതശൈലി എന്നിവ പറഞ്ഞ് അനൈക്യ കേരളമാക്കാൻ അനുവദിക്കരുത്. ഐക്യം ഭീഷണി നേരിടുമ്പോൾ ഒറ്റ മനസായി നേരിടണമെന്നും അദ്ദേഹം വ്യക്തമാക്കി.