ന്യൂഡല്‍ഹി: ഇഷ്ടിക വീണ് മുട്ട പൊട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കം 16കാരന്റെ ജീവനെടുത്തു. ഇന്നലെ രാവിലെ തെക്കന്‍ ഡല്‍ഹിയിലെ സംഘം വിഹാറിലാണ് സംഭവം. 16കാരനായ മുഹമ്മദ് ഫൈസനെ കൊലപ്പെടുത്തിയ കേസില്‍ ഫാറൂഖ്(22) നെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. കൃത്യം നിര്‍വ്വഹിക്കാന്‍ ഉപയോഗിച്ച കത്തിയും കണ്ടെത്തിയിട്ടുണ്ട്. മുഹമ്മദ് ഫൈസനും പിതാവും സഹോദരനും ഒരു കടയ്ക്ക് പുറത്ത് ഇഷ്ടികകള്‍ അടുക്കിവെക്കുകയായിരുന്നു.
ഇതിനിടെ താജ് മുഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയുടെ പുറത്ത് സൂക്ഷിച്ചിരുന്ന മുട്ട ട്രേയില്‍ ഇഷ്ടിക വീണതിനെ തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ വാക്തര്‍ക്കമുണ്ടായി. എന്നാല്‍ നഷ്ടപരിഹാരം നല്‍കാം എന്ന ഉറപ്പിന്മേല്‍ രംഗം ശാന്തമായെങ്കിലും കടയുടമയുടെ മകന്‍ വീണ്ടും വഴക്കിടാന്‍ തുടങ്ങി. ഇതിനിടെ പ്രകോപിതനായ ഇയാള്‍ കത്തിയെടുത്ത് പിതാവിനും സഹോദരനും മുമ്പില്‍ വെച്ച് മുഹമ്മദ് ഫൈസനെ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു. ഒന്നിലധികം തവണ കുത്തേറ്റ മുഹമ്മദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.