ബെംഗളൂരു: 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന സ്കൂൾ കുട്ടികൾക്ക് മുട്ടയോ വാഴപ്പഴമോ നൽകാൻ കര്‍ണാടക സര്‍ക്കാരിന്‍റെ ഉത്തരവ്. സംസ്ഥാനത്തുടനീളമുള്ള എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പോഷകാഹാരമായി പുഴുങ്ങിയ മുട്ട നൽകണമെന്ന് സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് പിഎം പോഷൻ ഡയറക്ടർ ശുഭ് കല്യാൺ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. മുട്ട കഴിക്കാത്തവർക്ക് വാഴപ്പഴമോ ചിക്കിയോ (നിലക്കടലയും ശർക്കരയും ചേർത്തുണ്ടാക്കുന്ന മധുര വിഭവം) നൽകും.
പോഷകാഹാരക്കുറവും വിളർച്ചയും ഇല്ലാതാക്കാൻ ഉച്ചഭക്ഷണത്തോടൊപ്പം ഇതു കൊടുക്കും. ആഴ്ചയിലൊരിക്കല്‍ നല്‍കണമെന്നാണ് നിര്‍ദേശം. സ്‌കൂളുകൾക്ക് മുട്ട/വാഴപ്പഴം/ചിക്കി എന്നിവ ഒന്നിന് എട്ട് രൂപ നിരക്കിൽ വാങ്ങാൻ നിർദേശം നൽകിയിട്ടുണ്ട്. “മുട്ടയ്ക്ക് പകരം വയ്ക്കാൻ കഴിയില്ല. സോയാബീൻ ഉണ്ട്, പക്ഷേ കുട്ടികൾ അത് കഴിക്കില്ല. കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്,” വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് പറഞ്ഞു.