തിരുവനന്തപുരം: തൊഴിലാളികള്‍ക്കുള്ള ഇടക്കാല വേതനം നല്‍കണമെന്ന മന്ത്രിതല യോഗത്തിലെ ആവശ്യം ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറി മാനേജ്‌മെന്റ് അംഗീകരിച്ചു. മന്ത്രിമാരായ ഇ.പി ജയരാജന്‍, ടി.പി രാമകൃഷ്ണന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനുവരി 20ന് നടന്ന യോഗത്തിലാണ് വേതനം സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. വിവിധ ഘട്ടങ്ങളിലായി നടന്ന യോഗങ്ങള്‍ക്ക് പ്രത്യേക താല്‍പര്യമെടുത്ത് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയതും മന്ത്രിമാരായ ഇ.പി ജയരാജനും ടി.പി രാമകൃഷ്ണനും കടകംപള്ളി സുരേന്ദ്രനുമായിരുന്നു. വിപണിയിടിവും ഉല്‍പ്പന്നങ്ങളുടെ വാണിജ്യ ഇടിവും കാരണം തുടര്‍ച്ചയായി ഫാക്ടറി അടച്ചിട്ട സമയത്തെ വേളി ഫാക്ടറിയിലെ ജീവനക്കാരുടെ വേതനം സംബന്ധിച്ച് യൂണിയനുകള്‍ ആവശ്യമുന്നയിച്ചിരുന്നു.
കൊവിഡും വിപണിയിലെ ആവശ്യക്കുറവും കാരണം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും വേളി ഫാക്ടറിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും മാനേജ്‌മെന്റ് അഡ്വാന്‍സ് എന്ന നിലയില്‍ ഇടക്കാല ആശ്വാസം വിതരണം ചെയ്യുമെന്നാണ് അറിയുന്നത്. ജൂലൈ – ഓഗസ്റ്റ് സമയത്തേക്ക് വിപണി മെച്ചപ്പെടുമെന്നാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. സ്ഥിര തൊഴിലാളികള്‍ക്ക് 25,000/ രൂപയും കോണ്‍ട്രാക്ട് ജീവനക്കാര്‍ക്ക് 10,000/ രൂപ വീതവും രണ്ട് ഘട്ടമായി അഡ്വാന്‍സ് എന്ന നിലയില്‍ നല്‍കാനാണ് മാനേജ്‌മെന്റ് യോഗത്തില്‍ സമ്മതിച്ചിരിക്കുന്നത്.
ജീവനക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള ഫണ്ട് കൈകാര്യം ചെയ്യുന്നതിനായി വേളിയില്‍ കിടക്കുന്ന മണല്‍ ടൈലിംഗുകള്‍ ഉടന്‍ വില്‍ക്കാമെന്നാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്.