തിരുവനന്തപുരം: ഹൃദയധമനികളുടെ ഉൾഭാഗത്ത് കൊഴുപ്പ് അടിഞ്ഞു രക്തചംക്രമണത്തിനു തടസം നേരിട്ട എട്ടു രോഗികൾക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നൂതന ആൻജിയോപ്ലാസ്റ്റിയിലൂടെ രോഗമുക്തിയേകി. ഐ.വി യു.എസ് എൻ.ഐ.ആർ.എസ് ( ഇൻട്രാ വാസ്‌കുലാർ അൾട്രാസൗണ്ട് നീയർ ഇൻഫ്രാറെഡ് സ്പെക്ട്രോസ്കോപ്പി) എന്ന നൂതന സാങ്കേതിക വിദ്യയിലൂടെ തടസങ്ങൾ കണ്ടുപിടിച്ചാണ് ചികിത്സ നൽകിയത്. ഹൃദയധമനികളുടെ ഉൾഭാഗത്തു കൊഴുപ്പു അടിഞ്ഞു കൂടി വരുന്ന തടസങ്ങളാണ് ( അതെറോസ്‌ക്ളിറോട്ടിക് പ്ലാക്) നൂതന മാർഗത്തിലൂടെ കണ്ടെത്തി ചികിത്സ നൽകിയത്. സംസ്ഥാനത്തെ ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായാണ് ഈ ചികിത്സാരീതി അവലംബിക്കുന്നത്. മന്ത്രി വീണ ജോർജിൻറെ പ്രത്യേക താത്പര്യപ്രകാരമാണ് ഇത്രയും രോഗികൾക്ക് നൂതന ചികിത്സാ രീതിയിലൂടെ ചികിത്സ ലഭ്യമാക്കിയത്.
കാർഡിയോളജി വിഭാഗത്തിൽ ഇൻട്രാ വാസ്‌കുലാർ അൾട്രാസൗണ്ട് നീയർ ഇൻഫ്രാറെഡ് സ്പെക്ട്രോസ്കോപ്പിയിലൂടെയുള്ള നൂതന ആൻജിയോപ്ലാസ്റ്റിയുടെ ഒരു ശില്‌പശാല സംഘടിപ്പിച്ചിരുന്നു. ഇതോടനുബന്ധിച്ച് ഹൃദയ ധമനിയിൽ തടസം നേരിടുന്ന എട്ടു രോഗികളിൽ ഈ സംവിധാനം ഉപയോഗിച്ച് രക്തക്കുഴലിലെ തടസം കണ്ടുപിടിക്കുകയും അവയിലെ കൊഴുപ്പു ശതമാനം നിശ്ചയിക്കുകയും ചെയ്തു. തുടർന്ന് ബലൂൺ, സ്റ്റെന്റ് തുടങ്ങിയവ ഉപയോഗിച്ച് തടസം നീക്കം ചെയ്തു. സാധാരണയായി ഒരു കത്തീറ്ററിനു 1.20 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. എന്നാൽ ഒരു സ്വകാര്യ കമ്പനി വിദ്യാഭ്യാസ പരിശീലനത്തിനായി ള്ളവു നൽകിയതു കൊണ്ട് 30000 രൂപക്ക് ലഭ്യമായി. സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലും മെഡിസെപ്പിലുമായി ശാസ്ത്രക്രിയകളുടെ മറ്റു ചെലവുകൾ വഹിക്കപ്പെട്ടു.