തൃശ്ശൂര്‍: എട്ടുവര്‍ഷത്തിനിടെ ഡിവൈഎഫ്‌ഐ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഗവ. മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്തത് 1,27,50,000 പൊതിച്ചോറുകള്‍. മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായാണ് ഇത് വിതരണം ചെയ്തത്. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ ‘ഹൃദയപൂര്‍വം’ പദ്ധതിയുടെ ഭാഗമായാണ് പൊതുജനങ്ങളില്‍ നിന്നടക്കം ശേഖരിച്ച് ഇത്രയും പൊതിച്ചോറുകള്‍ വിതരണം ചെയ്തത്. ഇതോടൊപ്പം മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കായി 57,000 യൂണിറ്റ് രക്തവും ദാനം ചെയ്തു. ഡിവൈഎഫ്‌ഐയുടെ ഈ സന്നദ്ധപ്രവര്‍ത്തനത്തിന്റെ എട്ടാംവാര്‍ഷികം വെള്ളിയാഴ്ച ആഘോഷിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആര്‍.എല്‍. ശ്രീലാല്‍ അധ്യക്ഷനായി.
സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ, ഡിവൈഎഫ്‌ഐ കേന്ദ്രക്കമ്മിറ്റി അംഗം ഗ്രീഷ്മാ അജയ്‌ഘോഷ്, ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. രാധിക, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ്, രക്തദാനവിഭാഗം മേധാവി ഡോ. സജിത്ത്, അവണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി, ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറര്‍ കെ.എസ്. സെന്തില്‍കുമാര്‍, ജില്ലാ സെക്രട്ടറി വി.പി. ശരത്ത്പ്രസാദ്, സംസ്ഥാനക്കമ്മിറ്റിയംഗങ്ങളായ കെ.എസ്. റോസല്‍രാജ്, സുകന്യാ ബൈജു എന്നിവര്‍ സംസാരിച്ചു. ഹൃദയപൂര്‍വം പ്രവര്‍ത്തനത്തിന് എട്ടു വര്‍ഷമായി നേതൃത്വം നല്‍കുന്ന പി.എന്‍. സന്തോഷിനെ ആദരിച്ചു. ചാലക്കുടിയിലെ കോടശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതിച്ചോറ് വിതരണവും പായസവിതരണവും വാര്‍ഷികത്തിന്റെ ഭാഗമായി നടത്തി.