ഏഴംകുളം : നൂറ്റാണ്ടുകൾ പഴക്കമുള്ള ഏഴംകുളം തൂക്കത്തിന്റെ പ്രധാന ചടങ്ങുകളുമായി ബന്ധപ്പെട്ട് തൂക്കക്കാർ വാളമ്പും വില്ലും ആശാനെ തിരികെയേൽപ്പിക്കുന്ന ചടങ്ങ് നടന്നു. 31 കന്നിത്തൂക്കക്കാരാണ് ഇത്തവണയുള്ളത്. മൊത്തം 624 തൂക്കവഴിപാടുണ്ട്. പരിശീലനം പൂർത്തിയാക്കിയ തൂക്കക്കാർ വാളവും വില്ലും തിരികെയേൽപ്പിച്ചു. മണ്ണടി ക്ഷേത്രത്തിൽ പോയി തിരികെ ഏഴംകുളം ക്ഷേത്രത്തിലെത്തിയാണ് ചടങ്ങുകൾ തുടങ്ങിയത്.
ക്ഷേത്രമുറ്റത്ത് ഒത്തുകൂടിയ തൂക്കക്കാർക്ക് തൂക്ക ആശാന്മാർ പരിശീലനത്തിന്‍റെ അവസാനമുറകൾ ചൊല്ലിനൽകി. ഇനി ഫെബ്രുവരി 16-ന് വാളമ്പും വില്ലും പ്രത്യേകരീതിയിൽ അലങ്കരിച്ച് തൂക്കക്കാർക്ക് വീണ്ടും നൽകും. ഇതുമായാണ് തൂക്കവില്ലിൽ കയറുന്നത്. ഏറെ പ്രത്യേകതകളും ആചാരങ്ങളും അടങ്ങിയതാണ് ഏഴംകുളം തൂക്കവഴിപാട്. 17-നും തൂക്കം തുടരും.