മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം നീളുന്നതിനിടെ ശിവസേനാ നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താനെയിലെ ജൂപ്പിറ്റര്‍ ഹോസ്പിറ്റലിലെത്തിച്ച അദ്ദേഹത്തിന് പൂര്‍ണ പരിശോധന നടത്താനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പനിയും ശ്വാസ തടസ്സവും മൂലം വീട്ടില്‍ വിശ്രമത്തിലായിരുന്നു ഷിന്‍ഡെ. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പാതിവഴിയില്‍ നിര്‍ത്തിയാണ് ഷിന്‍ഡെ നാട്ടിലേക്കു മടങ്ങിയത്. തന്റെ ആരോഗ്യ നിലയില്‍ കുഴപ്പങ്ങളൊന്നുമില്ലെന്ന് ഷിന്‍ഡെ ആശുപത്രിക്കു പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപി മുന്നോട്ടു പോകുന്ന സാഹചര്യത്തിലും മുഖ്യമന്ത്രി ആരാണെന്നതില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസം സ്വദേശമായ സത്താറയില്‍ ഷിന്‍ഡെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന കാരണത്താല്‍ വിശ്രമത്തിന് പോയിരുന്നു. വ്യാഴാഴ്ച വൈകീട്ട് സത്യപ്രതിജ്ഞ നടത്താനാണ് ബിജെപിയുടെ തീരുമാനം. എന്നാല്‍ മഹായുതി സഖ്യം ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.
മഹാരാഷ്ട്ര നിയമസഭയിലെ 288 സീറ്റുകളില്‍ പബിജെപിക്ക് 132ഉം ശിവസേനയ്ക്ക് 57ഉം എന്‍സിപിക്ക് 41 ഉം സീറ്റുകളാണുള്ളത്. അനിശ്ചിതത്വത്തിനിടയല്‍ ബിജെപി എംഎല്‍എമാര്‍ ഇന്ന് യോഗം ചേരും. രണ്ട് തവണ മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ വിജയത്തിന് കാരണക്കാരനുമായ ദേവേന്ദ്ര ഫഡ്‌നാവിസിനെ ഉന്നത സ്ഥാനത്തേയ്ക്ക് യോഗം തെരഞ്ഞെടുക്കും.