ന്യൂഡല്‍ഹി : കര്‍ഷക ബില്ലുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ പാര്‍ലമെന്റില്‍ മോശം പെരുമാറ്റം നടത്തിയതിന് എളമരം കരീമും കെ.കെ. രാഗേഷും അടക്കം പ്രതിപക്ഷത്തെ എട്ട് എംപിമാര്‍ക്ക് എതിരേ നടപടി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡെറിക് ഒബ്രിയാന്‍, സഞ്ജയ് സിംഗ്, രാജു സതാവ്, രിപുന്‍ ബോറ, ഡോളാ സെന്‍, സയ്യദ് നസീര്‍ ഹുസൈന്‍ എന്നിവര്‍ക്കെതിരേ ഈ സമ്മേളന കാലയളവിലേക്ക് സസ്‌പെന്റ് ചെയ്തു. രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യാനായിഡുവാണ് നടപടി പ്രഖ്യാപിച്ചത്. അംഗങ്ങളെ സസ്‌പെന്റ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത് വി മുരളീധരനായിരുന്നു.
ഇന്നലെ കേന്ദ്രം പാസ്സാക്കിയ കര്‍ഷക ബില്‍ കീറിയെറിയുകയും നടുത്തളത്തില്‍ പ്രതിഷേധിക്കുകയും ചെയ്തതിനാണ് രാജ്യസഭാ അദ്ധ്യക്ഷന്റെ നടപടി. സഭാ നടപടികള്‍ പത്തു മണിവരെ നിര്‍ത്തി വെയ്ക്കുകയും ചെയ്തു. ഈ പാര്‍ലമെന്റ് സമ്മേളനം എപ്പോള്‍ തീരുന്നോ അതുവരെ പാര്‍ലമെന്റില്‍ പ്രവേശിക്കാനാകില്ല. രാജ്യസഭാ ഉപാദ്ധ്യക്ഷനെ അപാനിച്ചതിനാണ് നടപടി. ഇന്നലെ നടന്ന ബഹളങ്ങള്‍ക്ക് ശേഷം മുതിര്‍ന്ന മന്ത്രിമാരുടെ യോഗം രാജ്യസഭാദ്ധ്യക്ഷന്‍ വിളിച്ചു ചേര്‍ത്തിരുന്നു. ഇതില്‍ എംപിമാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ആവശ്യം ഉയരുകയും ചെയ്തിരുന്നു. ഇന്നലെ കേന്ദ്രം കര്‍ഷകരുമായി ബന്ധപ്പെട്ട് രണ്ട് ബില്ലുകള്‍ പാസ്സാക്കി യതിന് പിന്നാലെ പ്രതിപക്ഷ എംപിമാരുടെ വന്‍ പ്രതിഷേധമാണ് സഭയില്‍ ഉയര്‍ത്തിയത്.
പ്രതിഷേധത്തിന്റെ ഭാഗമായി എംപിമാര്‍ റൂള്‍ബുക്ക് വലിച്ചു കീറി ഉപാദ്ധ്യക്ഷന്റെ മുഖത്തേക്ക് വലിച്ചെറിയുകയും നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. രാജ്യസഭയ്ക്ക് ഇന്നലെത്തേത് മോശം ദിനമായിരുന്നു എന്നും ചില അംഗങ്ങള്‍ സഭയുടെ അന്തസ്സിന് നിരക്കാത്ത രീതിയില്‍ പെരുമാറിയെന്നും ഡപ്യൂട്ടി ചെയര്‍മാനെ ജോലി തടസ്സപ്പെടുത്തുകയും കായികമായി ഭീഷണി ഉയര്‍ത്തുകയും ചെയ്തു. ഇത് ദൗര്‍ഭാഗ്യകരവും അപലപനീയവുമായ കാര്യമാണെന്നും എംപിമാര്‍ക്കെതിരേ നടപടിയെടുക്കുന്നു എന്നുമായിരുന്നു വെങ്കയ്യാനായിഡു പറഞ്ഞത്.
രണ്ടു വിവാദ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ ശബ്ദവോട്ടില്‍ പാസാക്കി. ബില്ലുകള്‍ സെലക്ട് കമ്മിറ്റിക്കു വിടുക, സഭയില്‍ വോട്ടിനിടുക തുടങ്ങി പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ തള്ളി. ബില്ലുകള്‍ ശബ്ദവോട്ടില്‍ പാസായെന്നു രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് നാരായണ്‍ സിങ് പ്രഖ്യാപിക്കുകയായിരുന്നു. വോട്ടെടുപ്പ് അടക്കമുള്ള തങ്ങളുടെ ആവശ്യങ്ങള്‍ നിരാകരിച്ചതു ചട്ടലംഘനമാണെന്നുകാട്ടി ഡെപ്യൂട്ടി ചെയര്‍മാനെതിരേ 12 പ്രതിപക്ഷപാര്‍ട്ടികള്‍ അവിശ്വാസപ്രമേയത്തിനു നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.