പത്തനംതിട്ട : പീഡനക്കേസില്‍ ജയിലില്‍ കഴിയുമ്പോഴും ‘ശ്രീദേവി’ ലൈവ്. നരബലിക്കേസില്‍ അടുത്ത അറസ്റ്റ് ഉടന്‍. ഇലന്തൂർ ഇരട്ട നരബലിക്കേസിൽ മുഖ്യ സൂത്രധാരൻ ഷാഫിയുടെ സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്യും. ഷാഫി ആണെന്ന് പറഞ്ഞ് ഭഗവൽ സിംഗുമായി ഫോണിൽ സംസാരിച്ചതും സന്ദേശമയച്ചതും ഈ സഹായിയാണ്. ഇതുവഴി ആണ് ഭഗവൽ സിംഗിനേയും ലൈലയേയും വലയിലാക്കിയതെന്നും പോലീസ് പറഞ്ഞു.
സഹായിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. ഇതോടെ നരബലിക്കേസിൽ നാലാമതൊരു പ്രതി കൂടി ഉണ്ടാകും. ഷാഫിയുമായി ദീർഘകാലത്തെ ബന്ധമുള്ളയാളാണ് ഇയാളെന്നാണ് പോലീസ് നൽകുന്ന വിവരം. ഭഗവൽ സിംഗിനെ കൂടാതെ ലൈലയുമായും ഇയാൾ സംസാരിച്ചു. ഇതിനു തെളിവായി മാറിയ ചില ശബ്ദ സന്ദേശങ്ങൾ അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്.
ഷാഫി കോലഞ്ചേരിക്കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന സമയത്ത് ഇയാളാണ് ‘ശ്രീദേവി-ശ്രീദേവി’ എന്ന വ്യാജ അക്കൗണ്ടിൽ നിന്നും ഭഗവൽ സിംഗുമായി സംസാരിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കാളിയായിട്ടില്ലെങ്കിലും കർമ്മ പദ്ധതി തയ്യാറാക്കുന്നതിൽ ഇയാളുടെയും സ്വാധീനമുണ്ടെന്നാണ് പോലീസിന്‍റെ വിലയിരുത്തൽ. കൂടുതൽ സന്ദേശങ്ങൾ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുകയാണ്.