പത്തനംതിട്ട : ഇലന്തൂർ നരബലി കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരികയാണ്. നരബലിയ്ക്ക് ഇടയിൽ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം മറവ് ചെയ്യാൻ കുഴിയെടുത്തത് ഇലന്തൂർ സ്വദേശി ബേബി എന്ന വ്യക്തിയായിരുന്നു. എന്നാൽ കൊലപാതകം നടന്ന വിവരം ബേബി അറിഞ്ഞില്ലെന്നാണ് വിവരം. മാലിന്യം നിക്ഷേപിക്കാൻ എന്ന വ്യാജേനയാണ് തന്നെക്കൊണ്ട് കുഴിയെടുപ്പിച്ചതെന്നാണ് ബേബി അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്.
തനിക്ക് കുഴിയെടുക്കുന്ന സമയം കൊലപാതകത്തെക്കുറിച്ച് അറിയില്ലെന്നും ബേബി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ഭഗവൽ സിംഗാണ് കുഴിയെടുക്കാൻ നിർദ്ദേശം നൽകിയത്. നാല് അടി സമചതുരത്തിൽ കുഴിയെടുക്കണമെന്നായിരുന്നു ഭഗവൽ സിംഗ് പറഞ്ഞതെന്നും ബേബി പറഞ്ഞു. നാലടി സമചതുരമെന്നു പറയുമ്പോൾ ആർക്കും സംശയം തോന്നില്ല. മനുഷ്യരെ അടക്കാൻ ആറടി നീളുമുള്ള കുഴയാണ് സാധാരണയായി ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ സംശയമൊന്നും തോന്നിയില്ലെന്നും മാലിന്യം നിക്ഷേപിക്കാനാണെന്ന് തന്നെ താൻ കരുതിയെന്നും ബേബി പറഞ്ഞു.
രണ്ട് ദിവസം കൊണ്ടാണ് കുഴിയെടുത്തതെന്നും ബേബി വ്യക്തമാക്കി. ഇതിന് തനിക്ക് ആയിരം രൂപ പ്രതിഫലം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്ത് ആ വീട്ടിൽ ഭഗവൽ സിംഗും ലൈലയും മാത്രമാണ് ഉണ്ടായിരുന്നതെന്നും ബേബി പറഞ്ഞു.