പത്തനംതിട്ട : ഇലവുംതിട്ട പോലീസ് സ്റ്റേഷൻ പരിധിയില്‍ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടിയ മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി ഇലവുംതിട്ട ജനമൈത്രി പോലീസ്. ഓൺലൈൻ പഠനം മുടങ്ങിയ കാര്യം അറിഞ്ഞ ബീറ്റ് ഓഫീസർ എസ് അൻവർഷ ആദ്യം സഹായമഭ്യർത്ഥിച്ചത് പ്രവാസി സുഹൃത്ത് ഫിലിപ്പ് മാത്യുവിനെയാണ്. അദ്ദേഹം കൺവീനറായിട്ടുള്ള മെഴുവേലി വാട്സ്ആപ്പ് സ്നേഹ കൂട്ടായ്മയുമായി ആലോചിച്ച് ഈ ദൗത്യമേറ്റെടുത്തു.
ഇലവുംതിട്ട കല്ലിങ്കൽ സ്വദേശിനി ആറാം ക്ലാസുകാരിക്കും മെഴുവേലി മണ്ണിൽ സ്വദേശിനി ഒന്നാം ക്ലാസുകാരിക്കും ടെലിവിഷനുകളും, കാരിതോട്ട സ്വദേശിനി മൂന്നാം ക്ലാസുകാരിക്ക് മൊബൈൽ ഫോണും വീടുകളിൽ എത്തിച്ചു നല്കി. കേരള പോലീസ് അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ എസ് സജു ഉദ്ഘാടനം ചെയ്തു. എസ് അൻവർ ഷാ, ആർ പ്രശാന്ത്, എസ് ശ്രീജിത്ത്, ശ്യാംകുമാർ കൂട്ടായ്മ ഭാരവാഹികളായ ആർ നിധീഷ്, സുനിത രാജേഷ്, രാജേഷ് എന്നിവർ നേതൃത്വം നല്കി.