പത്തനംതിട്ട : വ്യാജ പരാതിയുടെ പേരില്‍ പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച കെ.എസ്.യു നേതാവിനെയും കുടുംബത്തേയും പോലീസ് മുട്ടില്‍ നിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി. കെ.എസ്.യു ആറന്‍മുള ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജിതിനും സൈനികനായിരുന്ന ഇലവുംതിട്ട പാണ്ടിപുറത്ത് വീട്ടില്‍ ജെയിംസിനുമാണ് പോലീസ് മര്‍ദ്ദനം നേരിടേണ്ടി വന്നത്.
ഇന്നലെയാണ് പോലീസ് വിളിച്ചതനുസരിച്ച് ജിതിനും പിതാവും മാതാവും ഒന്‍പതാം ക്ലാസുകാരി സഹോദരിയും മെഴുവേലി പോലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ പരാതി എന്തെന്ന് പറയുവാന്‍ പോലും തയ്യാറാകാതെയാണ് മുട്ടില്‍ നിര്‍ത്തി മര്‍ദ്ദിച്ച ശേഷം പോലീസ് ജിതിനെ സെല്ലിലിടുവാന്‍ ശ്രമിച്ചത്. പരാതി എന്താണന്നറിയണമെന്ന് ആവശ്യപ്പെട്ട ജിതിന്റെ പിതാവിനെ മര്‍ദ്ദിച്ച് പടിക്കെട്ടില്‍ തള്ളിയിട്ട പോലീസ് ജിതിനേയും മാതാവ് മിനിയേയും അകത്തിട്ട് ഗ്രില്ല് പൂട്ടി.
ഒന്‍പതാം ക്ലാസ്സുകാരിയായ കുട്ടിയുടെ മുന്നില്‍ ഇട്ടാണ് പിതാവിനേയും സഹോദരനേയും പോലീസ് മര്‍ദ്ദിച്ചതെന്ന് ജിതിന്‍ പറഞ്ഞു.
ജിതിന്റെ സുഹൃത്ത് സംഭവം മൊബൈലില്‍ പകര്‍ത്തുന്നത് മനസിലാക്കിയ പോലീസ് മൊബൈല്‍ പിടിച്ചു വാങ്ങി ദൃശ്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. സംഭവമറിഞ്ഞ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ മെഴുവേലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അയുബ്ഖാനെ വിളിച്ചതിനെ തുടര്‍ന്നാണ് ഇവരെ തുറന്ന് വിട്ടത്. പരാതി ഒത്തുതീര്‍പ്പാക്കി എന്ന് ജിതിന്റെ മാതാപിതാക്കളോട് പോലീസ് പറഞ്ഞു. എന്നാല്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ട മര്‍ദ്ദനത്തിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുകയാണ് ജിതിനും കുടുംബവും