വടകര : കോവിഡ് ബാധിതനായി ചികിത്സക്കെത്തിച്ച വയോധികനായ പിതാവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച് മക്കള്‍. എഴുപത്തിയേഴുകാരനായ വടകര മണിയൂര്‍ സ്വദേശി നാരായണനെയാണ് വീട്ടിലേക്ക് തിരിച്ചു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പറഞ്ഞ് ആശുപത്രിയിലുപേക്ഷിച്ചത്. ഇതോടെ പോലീസിനെ സമീപിക്കാനൊരുങ്ങുകയാണ് ആശുപത്രി അധികൃതര്‍ കോവിഡ് ബാധിതനായതിനേ തുടര്‍ന്നാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് നാരായണനെ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സക്കായി എത്തിച്ചപ്പോഴും ബന്ധുക്കളാരും കൂടെയുണ്ടായിരുന്നില്ല.
നാരായണന്റെ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ വിവരമറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയിരുന്നില്ല. രോഗം ഭേദമായപ്പോള്‍ നാരായണനനെ തിരിച്ച് കൊണ്ട് പോവാന്‍ ആശുപത്രി അധികൃതര്‍ മക്കളെ സമീപെങ്കിലും ആരുമെത്തിയിരുന്നില്ല. ഓര്‍മക്കുറവുള്ള നാരായണന് ദൈനംദിന കാര്യങ്ങള്‍ നിറവേറ്റാനടക്കം പരസഹായം ആവശ്യമുണ്ട്. ആശുപത്രി ജീവനക്കാരും വാര്‍ഡിലെ മറ്റ് രോഗികളും ചേര്‍ന്നാണ് നാരായണനെ പരിചരിച്ചിരുന്നത്. ബന്ധുക്കളാരും തിരിഞ്ഞ് നോക്കാതായതോടെ പോലീസിനെ സമീപിക്കാനൊരുങ്ങുകയാണ് ആശുപത്രി അധികൃതര്‍.