ഗൂഡല്ലൂര്‍: നെലാക്കോട്ടയില്‍ വയോധികയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ റിമാന്‍ഡില്‍. നെലാക്കോട്ട കൂവച്ചോല വീരപ്പന്‍കോളനിയിലെ മുഹമ്മദിന്റെ ഭാര്യ മൈമൂനയെ (55) കഴുത്തറുത്തുകൊന്ന സംഭവത്തിലാണ് മകന്‍ നജുമുദ്ദീന്റെ ഭാര്യ ഗൂഡല്ലൂര്‍ ഒന്‍പതാംമൈല്‍ സ്വദേശിനി ഖൈറുനിസ (38) ഖൈറുനിസയുടെ സഹോദരി ദേവര്‍ഷോല കൊട്ടമേടിലെ ഹസീന (29) എന്നിവര്‍ അറസ്റ്റിലായത്. ദേവാല ഡിഎസ്പി എസ്. ജയപാലന്റെ നേതൃത്വത്തില്‍ നെലാക്കോട്ട പോലീസ് തിങ്കളാഴ്ച രാത്രിയിലാണ് ഇരുവരെയും അറസ്റ്റുചെയ്തത്. ശനിയാഴ്ചയാണ് മൈമൂനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയനിലയില്‍ വീടിനുള്ളില്‍ അടുക്കളയില്‍ കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മയക്കുമരുന്നുകേസില്‍ കോയമ്പത്തൂര്‍ ജയിലിലായ സഹോദരി ഹസീനയുടെ ഭര്‍ത്താവ് നസീമുദ്ദീനെ ജാമ്യത്തിലിറക്കാന്‍ പണമാവശ്യപ്പെട്ട് ഖൈറുനിസ മൈമൂനയെ സമീപിച്ചിരുന്നു. ശനിയാഴ്ച രാവിലെ ദേവര്‍ഷോല കൊട്ടമേടിലെ ഹസീനയുടെ വീട്ടില്‍നിന്ന് വീരപ്പന്‍ കോളനിയിലെ മൈമൂനയുടെ വീട്ടിലെത്തിയ ഇരുവര്‍ക്കും പണം നല്‍കാന്‍ മൈമൂന വിസമ്മതിച്ചു. തുടര്‍ന്ന് മാല ചോദിച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. കൂടെവന്ന ഹസീനയും ഇതില്‍ പങ്കുചേരുകയും ഇരുവരും ചേര്‍ന്ന് മൈമൂനയെ ആക്രമിക്കുകയുമായിരുന്നു. അടിയേറ്റുവീണ മൈമൂനയെ ഹസീന കുക്കറിന്റെ മൂടിയും ചിരവയും വടിയുമെടുത്ത് മുഖത്തടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
തുടര്‍ന്ന് ഇരുവരുംചേര്‍ന്ന് മൈമൂനയുടെ ആറുപവന്‍ വരുന്ന മാല കവര്‍ന്നു. പാടുന്തറയിലെ സ്വകാര്യസ്‌കൂളില്‍ സെക്യൂരിറ്റിജോലി ചെയ്യുന്ന മുഹമ്മദ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ അടുക്കളയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടത്. തുടര്‍ന്നാണ് പോലീസില്‍ വിവരമറിയിക്കുന്നത്. വിരലടയാളവിദഗ്ധരും പോലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ നിരീക്ഷണക്യാമറകളുടെ പരിശോധനയിലാണ് പ്രതികള്‍ വീട്ടിലെത്തിയ കാര്യം പോലീസിന് വ്യക്തമായത്. മൈമൂനയുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇരുവരും പോലീസിന്റെ വലയിലാവുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ പോലീസിനോട് കുറ്റസമ്മതം നടത്തി. പന്തല്ലൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുന്‍പാകെ ഹാജരാക്കിയ പ്രതികളെ ജഡ്ജി പ്രഭാകര്‍ റിമാന്‍ഡ് ചെയ്ത് ജൂണ്‍ രണ്ടുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.