കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി ഒളിവ് ജീവിതം അവസാനിപ്പിച്ച് വീട്ടിൽ തിരിച്ചെത്തി. കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതോടെയാണ് മൂവാറ്റുപുഴ അരക്കുഴിയിലെ വീട്ടിൽ തിരിച്ചെത്തിയത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒരാഴ്ചയോളമായി എംഎൽഎ ഒളിവിലായിരുന്നു. കോടതി നിർദ്ദേശ പ്രകാരം എൽദോസിന് നാളെ തിരുവന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരാകണം.
ഇന്നലെയാണ് കോടതി ഉപാധികളോടെ എൽദോസിന് ജാമ്യം അനുവദിച്ചത്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും എൽദോസ് പ്രതികരിച്ചു. പാർട്ടിയ്ക്ക് വിശദീകരണം നൽകിയിട്ടുണ്ട്. ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല എന്നതിനർത്ഥം ഒളിവിലായിരുന്നു എന്നല്ല. കൂടുതൽ കാര്യങ്ങൾ കോടതി ഉത്തരവ് പരിശോധിച്ച ശേഷം പറയാമെന്നും എൽദോസ് പറഞ്ഞിരുന്നു.