തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ പിഎയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഇന്ന് രാവിലെ നടത്തിയ അന്റിജന്‍ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം എംഎല്‍എയുടെ പരിശോധന ഫലം നെഗറ്റീവാണ്.
പിഎയുടെ ഫലം പോസിറ്റീവായതോടെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ആന്റിജന്‍ പരിശോധനയില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് ആദ്യം പുറത്തുവന്ന സൂചനകള്‍. ഇതോടെ നിയമസഭയിലുണ്ടായിരുന്ന എംഎല്‍എ നിയമസഭാ ഹോസ്റ്റലിലേക്ക് മാറി. പിന്നീടാണ് എംഎല്‍എയുടെ പിഎയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് റിപ്പോര്‍ട്ട് എത്തിയത്.
എല്‍ദോസ് എംഎല്‍എ ഹോസ്റ്റലില്‍ തുടരുകയാണ്. പിഎയുമായി സമ്പര്ക്കത്തിലുള്ളതിനാല് ഇനി 14 ദിവസം എംഎല്‍എ ക്വാറന്റൈനിലേക്ക് മാറേണ്ടിവരും.