കോവളം: എല്‍ദോസ് കുന്നപ്പിള്ളി കോവളം ഗസ്റ്റ് ഹൗസില്‍ താമസിച്ചതിന് തെളിവായി രേഖകള്‍. ആഗസ്റ്റ് 5,6, സെപ്റ്റംബര്‍ 14 തിയതികളിലാണ് മുറിയെടുത്തത്. ഗസ്റ്റ് ഹൗസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാനും പോലീസ് ശ്രമം തുടരുന്നു. ഇതിനിടെ ബലാൽസംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരെ വധശ്രമക്കുറ്റവും ചുമത്തി. കോവളം ആത്മഹത്യാ മുനമ്പില്‍ നിന്ന് തള്ളിയിടാന്‍ ശ്രമിച്ചെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പ് ചുമത്തിയത്.
പരാതിക്കാരിയുടെ വീട്ടിൽ നിന്ന് എൽദോസിന്റെ വസ്ത്രങ്ങൾ കണ്ടെടുത്തു. എന്നാല്‍ ഒളിവിലുള്ള എം.എല്‍.എയെ കണ്ടെത്താന്‍ ഇനിയും സാധിച്ചിട്ടില്ല. എട്ടാം ദിനവും ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പിള്ളിയ്ക്കെതിരെ നിയമകുരുക്കുകള്‍ പോലീസ് മുറുക്കുകയാണ്. ബലാല്‍സംഘം എന്ന ഗുരുതര കുറ്റത്തിന് പുറമെ വധശ്രമക്കുറ്റവും ചുമത്തി. സെപ്തംബര്‍ 14ന് കോവളത്ത് ആത്മഹത്യാ മുനമ്പില്‍ വെച്ച് മര്‍ദിച്ച സമയം കൊക്കയിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലും ജില്ലാ ക്രൈംബ്രാഞ്ചിന് നല്‍കിയ വിശദമൊഴിയിലുമാണ് യുവതി ഇക്കാര്യം ആരോപിച്ചിരുന്നത്. എന്നാല്‍ ആദ്യം പോലീസിന് നല്‍കിയ പരാതികളില്‍ ഇത്തരം ആരോപണമുണ്ടായിരുന്നില്ല. വധശ്രമക്കുറ്റത്തിനൊപ്പം പരാതിക്കാരിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറിയെന്ന കുറ്റത്തിന് ഐപിസി 354 ബിയും പുതിയതായി ചുമത്തിയിട്ടുണ്ട്. കൂടുതല്‍ വകുപ്പ് ചുമത്തുന്നതിനൊപ്പം പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള ശ്രമങ്ങളും അന്വേഷണ സംഘം തുടരുകയാണ്.
പരാതിക്കാരിയുടെ പേട്ടയിലെ വീട്ടിൽ നിന്ന് എൽദോസിന്റെ ടി ഷർട്ട് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ പോലീസ് കണ്ടെടുത്തു. സെപ്തംബർ 15ന് വീട്ടിൽ വന്ന് പോയപ്പോൾ ഉപേക്ഷിച്ചിട്ടു പോയതാണ് ഇവയെന്നാണ് യുവതിയുടെ മൊഴി. പരാതിക്കാരിയുമായി ഇന്ന് കോവളം ഗസ്റ്റ് ഹൗസില്‍ തെളിവെടുപ്പ് നടത്തി. എന്നാല്‍ ഒളിവിലുള്ള എല്‍ദോസിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് കാര്യമായി ശ്രമിക്കുന്നില്ല. ഒളിയിടം കണ്ടെത്താനാകുന്നിലെന്നാണ് വിശദീകരണമെങ്കിലും വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ വിധി അറിഞ്ഞ ശേഷം പിടിക്കാമെന്ന തീരുമാനമാണ് മെല്ലപ്പോക്കിന്റെ യഥാര്‍ത്ഥ കാരണം.