ചിറ്റാര്‍: ശക്തമായ രാഷ്ട്രീയപോരിന്റെ ചൂടുള്ള മണ്ണാണ് ചിറ്റാറിലേത്. കോണ്‍ഗ്രസിനും സിപിഎമ്മിനും പോരാട്ടത്തിന്റെ നിരവധി കഥകള്‍ അയവിറക്കാനുള്ള മേഖലയാണിത്. എന്നാല്‍ ഇത്തവണ പോരാട്ടം വ്യത്യസ്തമാകുകയാണ്. ജില്ലാ പഞ്ചായത്ത് ചിറ്റാര്‍ മണ്ഡലത്തിന്റെ ചരിത്രവും അല്പം വ്യത്യസ്തമാണ്. കഴിഞ്ഞതവണ ശക്തമായ പോരാട്ടത്തിനൊടുവില്‍ യുഡിഎഫിനൊപ്പം ചേര്‍ന്ന മണ്ഡലം ഇത്തവണ തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്.
പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി വോട്ടു ചെയ്യുന്നവരുടെ എണ്ണം ഏറിവരുന്ന സൂചനയാണ് കഴിഞ്ഞ കാലങ്ങളില്‍ ഈ മേഖല നല്‍കിയിട്ടുള്ളത്. ഇതു മുന്നില്‍ക്കണ്ട് നിരവധി വിഷയങ്ങള്‍ നിരത്തിയാണ് ഇത്തവണ പോരാട്ടം. അയല്പക്കത്തുനിന്നൊരു സ്ഥാനാര്‍ഥിയെ ചിറ്റാറിലേക്ക് യുഡിഎഫ് അപ്രതീക്ഷിത നീക്കത്തിലൂടെ രംഗത്തിറക്കി. കഴിഞ്ഞതവണ ജില്ലാ പഞ്ചായത്തില്‍ കോന്നി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ബിനിലാലാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ചിറ്റാറിനു സുപരിചിതയായ ലേഖ സുരേഷിനെ എല്‍ഡിഎഫും രംഗത്തിറക്കി. ലോക്സഭ തെരഞ്ഞെടുപ്പിലും നിയമസഭ ഉപ തെരഞ്ഞെടുപ്പിലുമുണ്ടായ വോട്ടു നേട്ടത്തിലാണ് എന്‍ഡിഎയുടെ കണ്ണ്. അധ്യാപികയായ മഞ്ജുള ഹരിയാണ് സ്ഥാനാര്‍ഥി.
ഒരുവര്‍ഷം മുമ്പ് നടന്ന കോന്നി നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ശക്തമായി പിന്തുണച്ച പ്രദേശങ്ങള്‍ കൂടി മണ്ഡലത്തിലുണ്ട്. അതിനു മുമ്പ് ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെയും തുണച്ചു. ചിറ്റാറിലെ ജില്ലാ പഞ്ചായത്ത് മണ്ഡലത്തിനു 1995 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രമുണ്ട്. പക്ഷേ അതിര്‍ത്തികളില്‍ ചില മാറ്റങ്ങളൊക്കെ വന്നു. ആദ്യകാലത്ത് റാന്നി നിയമസഭ മണ്ഡലപരിധിയിലായിരുന്നു മുഴുവന്‍ പ്രദേശവും. ഇന്നിപ്പോള്‍ കോന്നി, റാന്നി മണ്ഡലങ്ങളിലായി വിഭജിച്ചു.
ശാന്തമ്മ ചെല്ലമ്മയാണ് ആദ്യ ജില്ലാ പഞ്ചായത്തംഗം. 2000, 2005 വര്‍ഷങ്ങളില്‍ സിപിഎമ്മിലെ എം.എസ്. രാജേന്ദ്രന് മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2010ല്‍ വനിതാ സംവരണമായപ്പോള്‍ സിപിഎമ്മിലെ കോമളം അനിരുദ്ധന്, ശാന്തമ്മ ചെല്ലമ്മയെ പരാജയപ്പെടുത്തിയത് 274 വോട്ടിന്. കഴിഞ്ഞതവണ മണ്ഡല പരിധിയില്‍ വെച്ചൂച്ചിറ പഞ്ചായത്ത് പ്രദേശങ്ങള്‍ കൂടി കടന്നുവന്നപ്പോള്‍ രാഷ്ട്രീയമാറ്റവും ഉണ്ടായി. പി.വി. വര്‍ഗീസിന്റെ സ്ഥാനാര്‍ഥിത്വം അപ്രതീക്ഷിതമായിരുന്നു. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റു കൂടിയായ അദ്ദേഹം സിപിഎം നേതാവ് പി.എസ്. മോഹനനെയാണ് പരാജയപ്പെടുത്തിയത്.
മണ്ഡല പരിധിയില്‍ സജീവമായി നിലനിന്ന് ജില്ലാ പഞ്ചായത്തിലൂടെ വിവിധ വികസന പദ്ധതികള്‍ നടപ്പാക്കിയതാണ് യുഡിഎഫ് എടുത്തുകാട്ടുന്നത്. ഇതോടൊപ്പം കിഴക്കന്‍ മേഖലയിലെ കാര്‍ഷിക പ്രശ്നങ്ങള്‍, വനംവകുപ്പ് കസ്റ്റഡിയില്‍ പി.പി. മത്തായി എന്ന കര്ഷകന് മരിച്ച സംഭവം, കാട്ടുമൃഗശല്യം, പട്ടയം, പട്ടയഭൂമിയിലെ മരംമുറിക്കല്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. റോഡും വെള്ളവും അടക്കം അടിസ്ഥാന വികസന പ്രശ്നങ്ങള്‍ ആദിവാസി മേഖലകള്‍ കൂടി ഉള്‍പ്പെടുന്ന മണ്ഡലത്തിനു വിസ്മരിക്കാനാകില്ല.
ഇതാദ്യമായി സീതത്തോട്ടില്‍ നിന്ന് ഒരു എംഎല്‍എയെ ലഭിച്ചതിലൂടെ കിഴക്കന്‍ മേഖലയിലുണ്ടാകാവുന്ന നേട്ടങ്ങളിലൂന്നിയാണ് എല്‍ഡിഎഫ് പ്രവര്‍ത്തനം. പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി എംഎല്‍എമാരായ കെ.യു. ജനീഷ് കുമാറും രാജു ഏബ്രഹാമും രംഗത്തുണ്ട്. യുഡിഎഫിലാകട്ടെ അടൂര്‍ പ്രകാശ് എംപിയുടെ നിര്‍ദേശങ്ങളും നേതൃത്വവുമാണ് പ്രധാനമായും ഉണ്ടാകുന്നത്.