നാമനിര്‍ദേശ പത്രിക നാളെ മുതല്‍ 19 വരെ സമര്‍പ്പിക്കാം
ജില്ലയില്‍ തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക ഇന്നു(നവംബര്‍ 12) മുതല്‍ 19 വരെ സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ ഫോറം 2 ല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം.
ഫോറം നമ്പര്‍ 2എ യില്‍ സ്ഥാനാര്‍ഥിയുടെ വിദ്യാഭ്യാസ യോഗ്യത, സ്ഥാനാര്‍ഥിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത്/ബാധ്യതാ, നോമിനേഷന്‍ സമയത്തെ ക്രിമിനല്‍ കേസ് തുടങ്ങിയ വിവരങ്ങള്‍, സ്ഥാനാര്‍ഥി വേറെ വാര്‍ഡുകാരനെങ്കില്‍ താന്‍ വോട്ടറായ വാര്‍ഡിലെ വോട്ടര്‍ പട്ടികയുടെ പകര്‍പ്പ്, സ്ഥാനാര്‍ഥി പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പെടുന്ന ആളെങ്കില്‍ തഹസില്‍ദാര്‍ നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റ്, നിക്ഷേപ തുക ഒടുക്കിയതിനുള്ള തെളിവ്(ഗ്രാമപഞ്ചായത്തിന് 1000, ബ്ലോക്ക്/ നഗരസഭ 2000, ജില്ല പഞ്ചായത്തിന് 3000 രൂപ എന്ന ക്രമത്തില്‍ ബന്ധപെട്ട തദ്ദേശ സ്ഥാപനത്തില്‍ തന്നെ ഒടുക്കിയ രസീത്) എന്നിവ സമര്‍പ്പിക്കണം. പട്ടിക വിഭാഗത്തില്‍പെട്ടവര്‍ക്ക് പകുതി തുക അടച്ചാല്‍ മതി.
സ്ഥാനാര്‍ഥികള്‍ക്ക് ചിലവഴിക്കാവുന്ന തുക
നാമ നിര്‍ദ്ദേശക പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിയോ, നിര്‍ദ്ദേശകനോ ഉള്‍പ്പടെ മൂന്നു പേര്‍ക്ക് പങ്കെടുക്കാം. ഗ്രാമ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിക്ക് 25,000 രൂപ, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ 75,000 രൂപ, ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ 1,50,000 രൂപ എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ചിലവഴിക്കാവുന്ന പരമാവധി തുക.
ആര്‍ക്കൊക്കെ പത്രിക സമര്‍പ്പിക്കാം
ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെ പത്രിക റിട്ടേണിംഗ് ഓഫീസറായ ജില്ലാ കളക്ടര്‍, ഉപവരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍(ജനറല്‍)/ എഡിഎം എന്നിവര്‍ സ്വീകരിക്കും. ബ്ലോക്ക് പഞ്ചായത്തില്‍ അതത് വരാണാധികാരികള്‍, ഉപവരാണിധികാരികളായ അതത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍, അതത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ സ്വീകരിക്കും. ഗ്രാമപഞ്ചായത്തുകളില്‍ നിശ്ചയിച്ചിട്ടുള്ള വരണാധികാരികളോ ഉപവരണാധികാരിയായ അതത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോ പത്രിക സ്വീകരിക്കും. നവംബര്‍ 20നാണ് സൂക്ഷ്മപരിശോധന. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള തീയതി നവംബര്‍ 23. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുന്‍പു വരെ പ്രചാരണം നടത്താം.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം നാളെ (12)
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ക്രമീകരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വ്യാഴാഴ്ച വൈകിട്ട് നാലിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഒരു പ്രതിനിധിക്ക് യോഗത്തില്‍ പങ്കെടുക്കാം.