ഡല്‍ഹി: ശനിയാഴ്ച പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്നതോടെ രാജ്യം പൊതുതിരഞ്ഞെടുപ്പിന്റെ ആരവങ്ങളിലേക്ക് കടക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് രണ്ടാംവാരത്തോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തും. പ്രഖ്യാപനത്തിന് മുന്നോടിയായി സംസ്ഥാനങ്ങളിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താൻ കമ്മിഷന്റെ പര്യടനം അടുത്തയാഴ്ച തുടങ്ങും. സ്ഥാനാർഥിനിര്‍ണയ, സീറ്റ് വിഭജന ചര്‍ച്ചകള്‍ പാര്‍ട്ടികളും മുന്നണികളും സജീവമാക്കി. നേട്ടം മുന്നില്‍ക്കണ്ടുള്ള വിവിധ പാര്‍ട്ടികളുടെ കൂടുമാറ്റങ്ങളും അരങ്ങേറുകയാണ്.
2019-ല്‍ ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. മാര്‍ച്ച് 10-നായിരുന്നു തീയതി പ്രഖ്യാപിച്ചത്. ഏപ്രില്‍ 16 മുതല്‍ മേയ് 19 വരെയായിരുന്നു വോട്ടെടുപ്പ്. മേയ് 23-ന് വോട്ടെണ്ണി. സമാനമായ തിരഞ്ഞെടുപ്പുക്രമം തന്നെയാണ് ഇത്തവണയും കമ്മിഷന്‍ ആലോചിക്കുന്നതെന്നാണ് സൂചന.