ആലപ്പുഴ: തപാൽ വോട്ടുകൾ പൊട്ടിച്ചെന്ന ജി. സുധാകരന്റെ വെളിപ്പെടുത്തലിൽ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം. അടിയന്തര നടപടിക്ക് ആലപ്പുഴ ജില്ലാ കലക്ടറായ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നിർദേശം നൽകി. വിശദമായ അന്വേഷണം നടത്തണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 1989 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിക്ക് വേണ്ടിയാണ് തിരുത്തിയതെന്നായിരുന്നു മുതിർന്ന സിപിഎം നേതാവ് ജി.സുധാകരന്‍റെ വെളിപ്പെടുത്തല്‍. ഇതിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്താൽ പ്രശ്നമില്ലെന്നും സുധാകരൻ പറഞ്ഞു. ആലപ്പുഴയിൽ എൻജിഒ യൂണിയൻ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വിവാദ പരാമർശം.
1989 ൽ കെ.വി.ദേവദാസ് ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാന്‍. പോസ്റ്റൽ ബാലറ്റ് ശേഖരിച്ച് സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടുവന്നു. അവിടെ വെച്ച് ഞാനുള്‍പ്പടെയുള്ളവര്‍ പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ട്. അന്നു സിപിഎം സര്‍വീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടില്‍ 15 ശതമാനം ദേവദാസിന് എതിരായിരുന്നു. അംഗങ്ങളുടെ പോസ്റ്റൽ ബാലറ്റുകളിൽ 15 ശതമാനം മറിച്ചു ചെയ്തു’ എന്ന് സുധാകരന്‍ പറഞ്ഞു. വക്കം പുരുഷോത്തമനെതിരെയാണ് അന്നു ദേവദാസ് മത്സരിച്ചത്. കാല്‍ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു വക്കം പുരുഷോത്തമന്‍ അന്ന് വിജയിച്ചത്.