പത്തനംതിട്ട : സംസ്ഥാന സർക്കാർ കടം വാങ്ങി നടത്തുന്ന ധൂർത്ത് ജനങ്ങളുടെ തലയിൽ കെട്ടിവെയ്ക്കുന്നത് കൊടുംപാതകമാണെന്ന് രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ. സംസ്ഥാന സർക്കാർ വിചാരിച്ചിരുന്നെങ്കിൽ പെട്രോൾ വിലയിൽ ലിറ്ററിന് 15 രൂപ കുറയ്ക്കാമായിരുന്നെന്നും അത് ചെയ്യാത്തത് എൽ.ഡി.എഫ് സർക്കാർ ജനങ്ങളുടെ സർക്കാർ അല്ലെന്നതിന്റെ തെളിവാണ്. യു.ഡി.എഫ് ഇലന്തൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കിറ്റ് കൊടുക്കുന്നത് വികസന പ്രവർത്തനം അല്ലെന്ന് സി.പി.എം മനസ്സിലാക്കണം. കിഫ്ബിയുടെ പ്രവർത്തനങ്ങൾ ജനങ്ങളെ കടക്കാരാക്കി. എൽ.ഡി.എഫിന്റെ തോൽവിയും യു.ഡി.എഫിന്റെ വിജയവും ഉറപ്പാണ്. കൊല്ലപ്പെട്ട പെൺമക്കൾക്ക് നീതി ഉറപ്പാക്കാൻ തലമുണ്ഡനം ചെയ്യേണ്ടിവന്ന ഒരമ്മയുടെ നാടായി കേരളം മാറി. സ്വന്തം പാർട്ടിക്കാർ ചെയ്യുന്ന കൊലപാതകത്തെ ന്യായീകരിക്കുകയും കൊലപാതകികളെ സംരക്ഷിക്കുകയും ചെയ്യുന്നത് അധാർമ്മികവും നിയമലംഘനവുമാണെന്നും പി.ജെ. കുര്യൻ പറഞ്ഞു.
യു.ഡി.എഫ് മണ്ഡലം കൺവീനർ പി.എം.ജോൺസൺ അധ്യക്ഷത വഹിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി കെ.ശിവദാസൻ നായർ, മുൻ ഡിസിസി പ്രസിഡന്റ് പി.മോഹൻരാജ്, ഡിസിസി ഭാരവാഹികളായ അനിൽ തോമസ്, എ.സുരേഷ് കുമാർ, എം.എസ്.സിജു, എം.ബി.സത്യൻ, സാംസൺ തെക്കേതിൽ, അബ്ദുൾകലാം ആസാദ്, ജോൺസ് യോഹന്നാൻ, ബാബു കുട്ടൻ, പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു, കെ.പി.മുകുന്ദൻ, അജി അലക്സ്, ഷിബി ആനി ജോർജ്, ജിബിൻ ചിറക്കടവിൽ, അഡ്വ.ഷെറിൻ തോമസ് എന്നിവർ പ്രസംഗിച്ചു.