കോന്നി : കോന്നിയില്‍ റോബിന്‍ പീറ്ററിന് സാധ്യത മങ്ങുന്നു. കെ.പി.സി.സി സെക്രട്ടറി അഡ്വ.എന്‍ ഷൈലാജ് കോന്നിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുവാനാണ് സാധ്യത. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ വിവിധ തലങ്ങളില്‍ പുരോഗമിക്കുകയാണ്. എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് തുടങ്ങിയ സാമുദായിക സംഘടനകളുടെ പിന്തുണയും ഷൈലാജിന് ഉണ്ടെന്നാണ് സൂചന.
കോന്നി – കോഴികുന്നം കല്ലിടുക്കില്‍ കുടുംബാംഗമാണ് ഹൈക്കോടതി അഭിഭാഷകനായ എന്‍.ഷൈലാജ്. വളരെ വിശാലമായ ഈ കുടുംബയോഗത്തിന്റെ രക്ഷാധികാരികളാണ് മുന്‍ എം.എല്‍.എ അടൂര്‍ പ്രകാശും എന്‍. ഷൈലാജും. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ അടൂര്‍ പ്രകാശിന് എതിര്‍ക്കാന്‍ കഴിയില്ല. വെള്ളാപ്പള്ളി നടേശനും കോന്നിയില്‍ ഒരു എസ്.എന്‍.ഡി.പി സ്ഥാനാര്‍ഥി മത്സരിക്കുന്നതിനോടാണ് താല്‍പ്പര്യം. ഇത് കഴിഞ്ഞദിവസം അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചതായാണ് വിവരം. എന്‍.എസ്.എസ്സിനും താല്‍പ്പര്യം ഷൈലാജ് മത്സര രംഗത്ത് ഉണ്ടാകണമെന്നാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് നിര്‍ദ്ദേശിച്ച പി.മോഹന്‍ രാജ് കോന്നിയില്‍ പരാജയപ്പെട്ടിരുന്നു. സീറ്റ് ലഭിക്കാത്തതിന്റെ വിദ്വേഷം റോബിന്‍ പീറ്ററിന് ഉണ്ടായിരുന്നുവെന്ന് എന്‍.എസ്.എസ് കണക്കുകൂട്ടുന്നു. പരസ്യ വാഗ്വാദങ്ങള്‍ പോലും കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ കോന്നിയില്‍ ഉണ്ടായിരുന്നു. പി.മോഹന്‍രാജ് പരാജയപ്പെടാന്‍ കാരണം റോബിന്‍ പീറ്റര്‍ ആണെന്നും ചിലര്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ റോബിന്‍ പീറ്ററിന്റെ സ്ഥാനാര്‍ഥിത്വത്തെ എന്‍.എസ്.എസ് ശക്തമായി എതിര്‍ക്കും. എന്‍.എസ്.എസിനെയും വെള്ളാപ്പള്ളിയെയും പിണക്കിക്കൊണ്ട് ഒരു സ്ഥാനാര്‍ഥിയെ കോന്നിയില്‍ യു.ഡി.എഫ് പ്രഖ്യാപിക്കില്ല. അതുകൊണ്ടുതന്നെ റോബിന്‍ പീറ്ററിന് സാധ്യത കുറവാണ്.
14 വര്‍ഷം പത്തനംതിട്ട ഡി.സി.സി ജനറല്‍ സെക്രട്ടറി ആയിരുന്നു അഡ്വ.എന്‍.ഷൈലാജ്. ദീര്‍ഘനാളായി കെ.പി.സി.സിയിലും പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ സുപരിചിതനാണ്. എന്‍. ഷൈലാജിന്റെ പേരിനൊപ്പം ജില്ലാ പഞ്ചായത്ത് മുന്‍ അംഗം എലിസബത്ത് അബുവിന്റെ പേരും ഉയരുന്നുണ്ട്. ഇവര്‍ രണ്ടുപേരും ഒരു കുടുംബത്തില്‍ പെട്ടവരാണ് എന്നതാണ് പ്രത്യേകത.