മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലപ്പുറം ജില്ലയിലെ ബൂത്തുകളുടെ പുനക്രമീകരണം തുടങ്ങി. നിലവിലുള്ള ബൂത്തുകളുടെ പുനക്രമീകരണവും പുതിയ ബൂത്തുകളുടെ രൂപീകരണം, ബൂത്തുകളുടെ മാറ്റം തുടങ്ങിയവ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ബൂത്തുകളുടെ പുനക്രമീകരണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ മാര്‍ച്ച് 25ന് മുമ്പായി അറിയിക്കാന്‍ മലപ്പുറത്തു ചേര്‍ന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കു നിര്‍ദ്ദേശം നല്‍കി.
ഇതിനു മുന്നോടിയായി വില്ലേജ്, താലൂക്ക് തലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും.1500 വോട്ടര്‍മാര്‍ക്ക് ഒരു ബൂത്ത് എന്ന നിലയിലാണ് ക്രമീകരണങ്ങള്‍ നടത്തുക. പുതിയ ബൂത്തുകള്‍ ആരംഭിക്കുന്നതിന്റെ ആവശ്യകത സംബന്ധിച്ച് താലൂക്ക്തല യോഗങ്ങളില്‍ തീരുമാനമെടുത്തു ജില്ലാ കലക്ടര്‍ക്കു റിപ്പോര്‍ട്ടു നല്‍കും.
വോട്ടര്‍മാരുടെ സൗകര്യം പരമാവധി ഉറപ്പാക്കിയാണ് ക്രമീകരണം നടത്തുക. ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി. പ്രസന്നകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും താലൂക്ക് തഹസില്‍ദാര്‍മാര്‍, ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.