പത്തനംതിട്ട : കെടുകാര്യസ്ഥതയും അഴിമതിയുംകൊണ്ട് പ്രതിസന്ധിയിലായ മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിന്റെ ഭരണസമിതി തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങി. ഡിസംബര്‍ 21 ശനിയാഴ്ച മൈലപ്ര സാംസ് ഓഡിറ്റോറിയത്തില്‍ വെച്ച് രാവിലെ 8 മണി മുതല്‍ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. ജനറല്‍ – 5, വനിതാ – 2, എസ്.റ്റി/എസ്.സി – 1, 25000 രൂപയോ അതില്‍ കൂടുതലോ നിക്ഷേപമുള്ള അംഗങ്ങളില്‍ നിന്നും – 1, 40 വയസ്സില്‍ താഴെയുള്ള പൊതുവിഭാഗം – 1, 40 വയസ്സില്‍ താഴെയുള്ള വനിതാ വിഭാഗത്തില്‍ നിന്നും – 1, എന്നിങ്ങനെ 11 പേരുടെ ഭരണസമിതിയെയാണ് തെരഞ്ഞെടുക്കപ്പെടെണ്ടത്.
പ്രാഥമിക വോട്ടര്‍ പട്ടിക നവംബര്‍ 18 നും അന്തിമ വോട്ടര്‍ പട്ടിക നവംബര്‍ 28 നും പ്രസിദ്ധീകരിക്കും. ഇതിനിടയില്‍ തടസ്സവാദങ്ങള്‍ ഉന്നയിക്കുവാനും പരിശോധിക്കുവാനും അവസരമുണ്ട്. ഡിസംബര്‍ 5 പകല്‍ 11 മണി മുതല്‍ 2 മണിവരെ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന ഡിസംബര്‍ 6 ന് രാവിലെ 11 മുതല്‍. നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസം ഡിസംബര്‍ 7 ന് വൈകിട്ട് 5 മണി വരെയാണ്. കോഴഞ്ചേരി താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഇലക്ടറല്‍ ഓഫീസറും പത്തനംതിട്ട യൂണിറ്റ് ഇന്‍സ്പെക്ടര്‍ വരണാധികാരിയുമാണ്.