പത്തനംതിട്ട : തദ്ദേശ പൊതുതെരഞ്ഞെടുപ്പ് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ പാലിക്കണമെന്നും കുറ്റകൃത്യങ്ങളും ലംഘനങ്ങളും ഉണ്ടായാല്‍ കര്‍ശനമായി തടയുമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു. കൂടാതെ കോവിഡ് പശ്ചാത്തലത്തില്‍ കമ്മിഷന്റെ പ്രത്യേകനിര്‍ദേശങ്ങള്‍ എല്ലാ രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും അനുസരിക്കേണ്ടതുമാണ്.
ഭവനസന്ദര്‍ശനത്തിന് ഒരേസമയം സ്ഥാനാര്‍ഥി ഉള്‍പ്പെടെ പരമാവധി അഞ്ചുപേര്‍ മാത്രമേ ഉണ്ടാകാവൂ. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുവേണം ആളുകളെ സമീപിക്കേണ്ടതും വീടുകളിലും മറ്റും സന്ദര്‍ശനം നടത്തേണ്ടതും. റോഡ്‌ഷോ, റാലി എന്നിവയ്ക്കു മൂന്നുവാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. ജാഥ, ആള്‍കൂട്ടം, കൊട്ടിക്കലാശം തുടങ്ങിയ കാര്യങ്ങള്‍ അനുവദിക്കുകയില്ല. പൊതുയോഗങ്ങള്‍, കുടുംബയോഗങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിച്ചും പോലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയും നടത്താം. സ്ഥാനാര്‍ഥികള്‍ക്ക് ഹാരം, ബോക്കെ, നോട്ടുമാല, ഷാള്‍ എന്നിവയോ മറ്റോ നല്‍കി സ്വീകരിക്കാന്‍ പാടില്ല. കോവിഡ് ബാധയുണ്ടായാല്‍ സ്ഥാനാര്‍ഥി ക്വാറന്റീനില്‍ പ്രവേശിക്കുകയും, പ്രചാരണത്തില്‍നിന്നും മാറിനില്‍ക്കുകയും, സമ്പര്‍ക്കം ഒഴിവാക്കുകയും വേണം.
പോലീസിന്റെ അനുമതി ഇല്ലാതെയോ രാത്രി 10 നും രാവിലെ ആറുമണിക്കും ഇടക്കുള്ള സമയത്തോ ഉച്ഛഭാഷിണി ഉപയോഗിക്കരുത്. ഈ നിര്‍ദേശങ്ങളൊക്കെയും ബന്ധപ്പെട്ടവര്‍ പാലിക്കുന്നുണ്ടെന്ന കാര്യം പോലീസുദ്യോഗസ്ഥര്‍ ഉറപ്പുവരുത്തുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.