പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.
ഇലക്ഷന്‍ പ്രചാരണത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായി പാലിക്കുന്നു എന്ന് എല്ലാ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും ഉറപ്പുവരുത്തണം. നോമിനേഷന്‍ നല്‍കാന്‍ റിട്ടേണിംഗ് ഓഫീസറുടെ ചേമ്പറില്‍ സ്ഥാനാര്‍ഥി എത്തുമ്പോള്‍ കൂടെ രണ്ടുപേരില്‍ കൂടാന്‍ പാടില്ല. നോമിനേഷന്‍ നല്‍കാന്‍ എത്തുമ്പോള്‍ രണ്ടു വാഹനത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ല. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പൊതുയോഗങ്ങള്‍ നടത്താന്‍ ജില്ലാഭരണകേന്ദ്രം സ്ഥലങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ അഭ്യര്‍ഥന കണക്കിലെടുത്ത് നേരത്തെ നിശ്ചയിച്ച 10 സ്ഥലങ്ങള്‍ക്ക് പുറമേ റാന്നി നിയോജക മണ്ഡലത്തില്‍ റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡ്, ആറന്മുള നിയോജക മണ്ഡലത്തില്‍ കോഴഞ്ചേരി ബസ് സ്റ്റാന്‍ഡിന് സമീപത്തെ വണ്ടിപേട്ട എന്നിവിടങ്ങളില്‍ പൊതുയോഗങ്ങള്‍ നടത്താനായി അനുവദിക്കുന്ന കാര്യം പരിശോധിക്കും.
വീടുകയറിയുള്ള പ്രചാരണത്തിന് സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ചു പേര്‍ക്കാണ് അനുമതി. സ്ഥാനാര്‍ഥികളുടെ റോഡ് ഷോയില്‍ ഒരു സമയം അഞ്ചു വാഹനങ്ങള്‍ മാത്രമേ അനുവദിക്കു. പ്രചാരണ യോഗങ്ങളില്‍ ഇന്‍ഡോര്‍ യോഗങ്ങളില്‍ 100 പേരും ഔട്ട്‌ഡോര്‍ യോഗങ്ങളില്‍ 200 പേരിലും കൂടാന്‍ പാടില്ല. പോളിംഗ് സ്റ്റേഷനുകളിലും കൗണ്ടിംഗ് സെന്ററുകളിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ക്രമീകരണങ്ങള്‍ ഒരുക്കും. ഭിന്നശേഷിക്കാര്‍ക്കും, 80 വയസിന് മുകളിലുള്ളവര്‍ക്കും, ഇലക്ഷന്‍ കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും, കോവിഡ് രോഗികള്‍ക്കും, കോവിഡ് സംശയത്തില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കും, പോസ്റ്റല്‍ ബാലറ്റിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും.
ബി.എല്‍.ഒമാര്‍ പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷ വീട്ടിലെത്തി സ്വീകരിച്ച് റിട്ടേണിംഗ് ഓഫീസര്‍ക്ക് കൈമാറും. റിട്ടേണിംഗ് ഓഫീസറാണ് പോസ്റ്റല്‍ വോട്ട് അനുവദിക്കുന്നത്. പോസ്റ്റല്‍ വോട്ട് വീടുകളില്‍ ചെന്ന് സമിതിദായകരില്‍ നിന്ന് വോട്ട് ചെയ്ത് സ്വീകരിക്കുന്നതിന് 300 ടീമുകളെ നിയോഗിക്കും. രാഷ്ട്രീയ പാര്‍ട്ടികളെ പോസ്റ്റല്‍ ബാലറ്റ് സ്വീകരിക്കുന്ന പ്രദേശങ്ങളെകുറിച്ച് മുന്‍കൂട്ടി അറിയിക്കും. കോവിഡ് പോസിറ്റീവായ ആളുകളുടെ ലിസ്റ്റ് തയാറാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം) ഡോ.എ.എല്‍ ഷീജയുടെ നേതൃത്വത്തില്‍ പ്രത്യേക ടീം പ്രവര്‍ത്തിക്കും. സ്‌പെഷ്യല്‍ ബാലറ്റ് ഓഫീസര്‍മാര്‍ക്കും ബി.എല്‍.ഒമാര്‍ക്കും പ്രത്യേക പരിശീലനം ലഭ്യമാക്കിയിട്ടുണ്ട്. കെഎസ്ഇബി വൈദ്യുതി പോസ്റ്റുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയ പൊതു സ്ഥലങ്ങള്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുത്.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സ്‌ക്വാഡുകള്‍ രൂപീകരിച്ച് നിരീക്ഷണവും പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. പോളിംഗ് ബൂത്തുകളില്‍ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. പോളിംഗ് ബൂത്തുകളില്‍ ശരീരിക അകലം പാലിക്കാന്‍ മാര്‍ക്കിംഗ് നടത്തും. ശാരീരിക അകലം പാലിക്കുന്നത് ഉറപ്പാക്കുന്നതിന് പാരാമിലിറ്ററി ഫോഴ്‌സിനൊപ്പം എന്‍എസ്എസ്, എന്‍സിസി വോളണ്ടിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
സുതാര്യവും സംഘര്‍ഷരഹിതമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ പ്രത്യേക ശ്രദ്ധനല്‍കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു. ഒരു പാര്‍ട്ടിയുടെ പ്രചാരണ പരിപാടി നടക്കുന്ന സ്ഥലത്തുകൂടി മറ്റൊരുപാര്‍ട്ടിയും അതേസമയം പ്രചാരണം നടത്താന്‍ പാടുള്ളതല്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍കൂട്ടി അനൗന്‍സ്‌മെന്റിനുള്ള അനുമതി വാങ്ങുകയും ഓരോ ദിവസത്തെയും പ്രചാരണ പരിപാടിയുടെ ചാര്‍ട്ട് പോലീസിന് നല്‍കുകയും വേണം. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നത് ഉറപ്പുവരുത്തുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പ്രൊഫ. ടി.കെ.ജി. നായര്‍, അഡ്വ. വി.ആര്‍. സോജി, അലക്‌സ് കണ്ണമല, ആര്‍. ജയകൃഷ്ണന്‍, വാളകം ജോണ്‍, എ.ഡി.എം ഇ.മുഹമ്മദ് സഫീര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍, ഡി.എം.ഒ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ തുടങ്ങിയവര്‍ പങ്കെടുത്തു.