പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സുഗമമായി നടക്കുന്നത് ഉറപ്പാക്കാന്‍ ശക്തമായ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയതായി ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രക്രിയ കഴിയുംവരെ ജില്ലയിലെ പോലീസിനെ സര്‍വസജ്ജമാക്കി നിര്‍ത്തിയതായും നിലവിലെ പോലീസ് സബ് ഡിവിഷനുകളെ ആറ് എണ്ണമാക്കി പുനക്രമീകരിച്ചുവെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു. ഓരോ ഇലക്ഷന്‍ സബ് ഡിവിഷനും ഓരോ ഡിവൈഎസ്പിയുടെ നിയന്ത്രണത്തിന്‍ കീഴിലാക്കിയിട്ടുണ്ട്. നിലവിലെ സബ് ഡിവിഷനുകള്‍ നിലവിലെ ഡിവൈഎസ്പി മാരുടെ ചുമതലയില്‍ തുടരും. പുറമെയുള്ള പന്തളം ഇലക്ഷന്‍ സബ് ഡിവിഷന്റെ ചുമതല നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍. പ്രദീപ് കുമാറിനും കോന്നിയുടേത് സി ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. സുധാകരന്‍ പിള്ളയ്ക്കും റാന്നിയുടേത് സിബിസിഐഡി ഡിവൈഎസ്പി കെ.എച്ച്. മുഹമ്മദ് കബീര്‍ റാവുത്തര്‍ക്കും നല്‍കി.
ഓരോ ഇലക്ഷന്‍ സബ് ഡിവിഷനിലും 11 പോലീസ് ഉദ്യോഗസ്ഥര്‍ വീതമുള്ള സ്ട്രൈക്കിംഗ് ഫോഴ്സിനെ നിയോഗിച്ചിട്ടുണ്ട്. അതതു സബ് ഡിവിഷന് കീഴില്‍ വരുന്ന പ്രദേശങ്ങളിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സ്ട്രൈക്കിംഗ് ഫോഴ്സിന്റെ സേവനം പ്രയോജനപ്പെടുത്തും. ജില്ലയിലെ 23 പോലീസ് സ്റ്റേഷനുകളിലും ഓരോ സ്ട്രൈക്കിംഗ് ഫോഴ്‌സിനെ ഏര്‍പ്പെടുത്തി. കൂടാതെ ജില്ലാപോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഒരു സ്ട്രൈക്കിങ് ഫോഴ്സും പ്രവര്‍ത്തിക്കും.
ഒരു പോലീസ് സ്റ്റേഷന് രണ്ടുവീതം ക്രമസമാധാന ചുമതലയുള്ള പട്രോളിംഗ് സംഘങ്ങളെ നിയോഗിച്ചതായും ജില്ലാപോലീസ് മേധാവി പറഞ്ഞു. അതതു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകാതെ നോക്കുകയും തെരഞ്ഞെടുപ്പ് നടപടിക്രമം പൂര്‍ണമാകും വരെ ഇവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. 102 ഗ്രൂപ്പ് പട്രോള്‍ സംഘങ്ങള്‍ ഉണ്ടാവും. ഇവയുടെ നിയന്ത്രണം ഒരു എസ്‌ഐക്കോ എഎസ്‌ഐക്കോ ആയിരിക്കും. രണ്ട് പോലീസ് ഉദ്യോസ്ഥര്‍ ഒപ്പമുണ്ടാവും.
1024 ക്ലസ്റ്ററുകളിലായി 1459 ബൂത്തുകളാണ് ജില്ലയിലുള്ളത്. 625 ഒറ്റ ബൂത്തുകളും 377 ഇരട്ട ബൂത്തുകളും മൂന്ന് ബൂത്തുകളുള്ള 12 കേന്ദ്രങ്ങളും നാല് എണ്ണമുള്ള എട്ട് കേന്ദ്രങ്ങളും ആറ് ബൂത്തുള്ള രണ്ട് കേന്ദ്രങ്ങളുമാണുള്ളത്. എത്തിപ്പെടാനാവാത്ത രണ്ടു ബൂത്തുകളാണുള്ളത്, ഇവ ഗവിയിലാണുള്ളത്. ഇവിടേയ്ക്ക് നിലവിലേതു കൂടാതെ ഒരു പോലീസ് ഉദ്യോഗസ്ഥനെക്കൂടി നിയോഗിച്ചിട്ടുണ്ട്. സെന്‍സിറ്റീവ് ബൂത്തുകളിലും അഡിഷണലായി പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ജില്ലയിലാകെ 179 സെന്‍സിറ്റീവ് ബൂത്തുകളാണുള്ളതെന്ന് ജില്ലാപോലീസ് മേധാവി അറിയിച്ചു. അതീവ പ്രശ്‌നബാധിത ബൂത്തുകളില്ല. അഞ്ച് ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൊല്ലം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളുമായും തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയും അതിര്‍ത്തി പങ്കിടുന്ന പത്തനംതിട്ട ജില്ലയില്‍ സുഗമമായ തെരഞ്ഞെടുപ്പിനു വേണ്ട എല്ലാ സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള നിരീക്ഷകര്‍ക്കും വേണ്ട പോലീസ് സേവനം ഉറപ്പാക്കിയിട്ടുണ്ട്. പോലീസ് സ്റ്റേഷനുകളില്‍ വളരെ കുറച്ചു പോലീസിനെ മാത്രം അത്യാവശ്യം ഡ്യൂട്ടിക്ക് നിയോഗിക്കുകയും സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ശക്തമായ പോലീസ് സുരക്ഷ ഉറപ്പാക്കിയതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ജില്ലാ പോലീസ് ആസ്ഥാനത്ത് ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഇലക്ഷന്‍ സെല്ലുമായി ബന്ധപ്പെടുത്തി ഇത് പ്രവര്‍ത്തിച്ചുവരുന്നു. വയര്‍ലെസ് സംവിധാനവും ഹോട് ലൈന്‍ ബന്ധവും ഏര്‍പ്പെടുത്തി. സെന്‍സിറ്റീവ് ബൂത്തുകളുമായി ബന്ധപ്പെട്ട് മൂന്ന് പിക്കറ്റുകള്‍ ഏര്‍പ്പെടുത്തി. കോവിഡ് 19 റിസര്‍വ് ആയി ഒരു സംഘത്തെയും, സംസ്ഥാന പോലീസ് മേധാവി, സോണല്‍, റേഞ്ച് എന്നിങ്ങനെ ഓരോ സ്ട്രൈക്കിംഗ് ഫോഴ്സിനെ വീതവും ചുമതലപ്പെടുത്തിയിട്ടുണ്ട്. വോട്ടിംഗ് സാമഗ്രികകളുടെ വിതരണം, സംഭരണം എന്നിവക്കുള്ള കേന്ദ്രങ്ങളില്‍ ശക്തമായ സായുധ പോലീസ് സംരക്ഷണം ഒരുക്കി.
എസ്‌ഐ അല്ലെങ്കില്‍ എഎസ്‌ഐയുടെ നിയന്ത്രത്തിലുള്ള 102 ഗ്രൂപ്പ് പട്രോള്‍ സംഘങ്ങള്‍ക്ക് പുറമെ എല്ലാ ബൂത്തുകളും ഉള്‍പ്പെടുത്തി ഓരോ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലും രണ്ടുവീതം പട്രോളിംഗ് ടീം ഉണ്ടാവും. വോട്ടെടുപ്പ് എല്ലാവിധ കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകളും പാലിച്ചു തന്നെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഗ്രൂപ്പ് പട്രോളിംഗ് ഓഫീസര്‍മാരുടെ ചുമതലയാണ്. അതതു പ്രദേശങ്ങളെക്കുറിച്ച് അറിയാവുന്ന പോലീസ് ഉദ്യോഗസ്ഥരെ ഗൈഡുകളായി ഓരോ സംഘത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് വോട്ടര്‍മാര്‍ ബൂത്തുകളില്‍ വരിയായി നിന്നു വോട്ട് ചെയ്യുന്നതും ലംഘനങ്ങള്‍ ഉണ്ടാവാതെ സുഗമമായി വോട്ടെടുപ്പ് നടക്കുന്നതും ഇവര്‍ ഉറപ്പാക്കണം.
വോട്ടിംഗ് മെഷീനുകള്‍ക്ക് സായുധ പോലീസ് അകമ്പടി ഉറപ്പാക്കിയിട്ടുണ്ട്. ബൂത്തുകളില്‍ വീഡിയോഗ്രാഫി സംവിധാനം ഏര്‍പ്പെടുത്തിയതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇതിന്റെ ഉത്തരവാദിത്തവും ഗ്രൂപ്പ് ഓഫീസര്‍മാര്‍ക്കാണ്. ഇന്നുമുതല്‍ (06.12.2020) വോട്ടെണ്ണല്‍ നടക്കുന്ന 16 വരെ ജില്ലയില്‍ പോലീസ് വിന്യാസം ശക്തമായി തുടരും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന കുറ്റ കൃത്യങ്ങളുടെ അന്വേഷണത്തിന് 12 സബ് ഡിവിഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിച്ചതായും ജില്ലാപോലീസ് മേധാവി അറിയിച്ചു.
ഒരു ഗ്രേഡ് എസ്‌ഐ അല്ലെങ്കില്‍ ഗ്രേഡ് എഎസ്‌ഐ യുടെ നേതൃത്വത്തിലാവും സംഘം പ്രവര്‍ത്തിക്കുക. വാഹനസൗകര്യവും നല്‍കിയിട്ടുണ്ട്. കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ എസ്എച്ച്ഒമാരുടെ അധികാരം ഇവര്‍ക്ക് നല്‍കിയിട്ടുള്ളതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ബൂത്തുകളിലും മറ്റും പ്രശ്‌നങ്ങളുണ്ടാക്കുന്നവരുടെ വിശദാംശം ശേഖരിക്കുകയും തുടര്‍ നടപടികള്‍ കൈക്കൊള്ളുകയും വേണം. ജില്ലയിലെ മൂന്ന് പോലീസ് സ്റ്റേഷന്‍ പരിധികളിലെ മൂന്നിടങ്ങള്‍ രാഷ്ട്രീയമായി കൂടുതല്‍ സെന്‍സിറ്റീവ് ആയി കണ്ടെത്തിയിട്ടുണ്ട്. അവിടെ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തി.
ഇലക്ഷന്‍ സെല്ലും ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമും ചേര്‍ന്നു പ്രവര്‍ത്തിക്കും. ഹോട് ലൈന്‍ ബന്ധവും സ്ഥാപിച്ചിട്ടുണ്ട്. ഡിസിആര്‍ബി ഡിവൈഎസ്പി എ. സന്തോഷ് കുമാറിനാണ് കണ്‍ട്രോള്‍ റൂമിന്റെയും സെല്ലിന്റെയും ചുമതല. ഡിസംബര്‍ ഏഴിന് 7 മണി മുതല്‍ ഒന്‍പതിന് 10 മണി വരെ പ്രവര്‍ത്തിക്കും. രഹസ്യവിവരങ്ങള്‍ സംബന്ധിച്ച ഏകോപനവും തുടര്‍നടപടികളും ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ജോസിന്റെ നിയന്ത്രത്തിലാവും. വിതരണ കേന്ദ്രങ്ങളിലും, വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും പഴുതടച്ച സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാപോലീസ് മേധാവി വ്യക്തമാക്കി. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ക്ഷേമകാര്യങ്ങള്‍ക്കായി അഡിഷണല്‍ എസ്പി എ.യു. സുനില്‍കുമാറിനെ നോഡല്‍ ഓഫീസറായി നിയോഗിച്ചതായും ജില്ലാപോലീസ് മേധാവി അറിയിച്ചു.
സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി 425 ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. വോട്ടെടുപ്പിന് ശേഷവും സുരക്ഷ ശക്തമായി തുടരും. വോട്ടെണ്ണല്‍ സുഗമമായി നടക്കുന്നതിനുള്ള അന്തരീക്ഷം ഉറപ്പാക്കും. ഇതുമായി ബന്ധപ്പെട്ട് ശക്തമായ പട്രോളിംഗ് ഏര്‍പ്പെടുത്തും.
വോട്ടെടുപ്പ് സമയം സംബന്ധിച്ചും മറ്റും വ്യാജ പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ കര്‍ശനവും ശക്തവുമായ നിയമനടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. കൂടാതെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കും വിധമുള്ള വാര്‍ത്തകളും പ്രചാരണങ്ങളും തടഞ്ഞു ശക്തമായ നടപടി സ്വീകരിക്കുന്നതിന് എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവരെ കര്‍ശന നിയമ നടപടികള്‍ക്ക് വിധേയരാക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.