കൊച്ചി : കേരളം ആര് ഭരിക്കണമെന്ന് ജനം വിധിയെഴുതുന്ന നിര്‍ണായകമായ നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യ മണിക്കൂറില്‍ സംസ്ഥാനത്ത് 7.06 ശതമാനം പോളിങ് രേഖപ്പെടുത്തി. പുരുഷന്‍മാര്‍ – 8.16 %, സ്ത്രീകള്‍ – 6.02%, ട്രാന്‍സ് ജെന്‍ഡര്‍- 1.72% എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം.
രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് ഇക്കുറി ജനവിധി തേടുന്നത്. 1.32 കോടി പുരുഷന്മാരും 1.41 കോടി വനിതകളും 290 ട്രാന്‍സ്ജന്‍ഡറും ഉള്‍പ്പടെ 2.74 കോടി (2,74,46,039) വോട്ടര്‍മാരാണ് ഇക്കുറി വിധിയെഴുതുന്നത്. 40,771 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. നക്സല്‍ ഭീഷണിയുള്ള ഒന്‍പത് മണ്ഡലങ്ങളില്‍ വൈകുന്നേരം ആറിന് പോളിംഗ് അവസാനിക്കും. കര്‍ശന സുരക്ഷയിലാണ് വോട്ടെടുപ്പ്. 59,292 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഉള്‍പ്രദേശങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണവുമുണ്ട്.
കേന്ദ്രസേനകളുടെ 140 കമ്പനിയും രംഗത്തുണ്ട്. പ്രശ്നസാധ്യതാ ബൂത്തുകളില്‍ കനത്ത സുരക്ഷയുണ്ടാകും. വെബ്കാസ്റ്റിങ് അടക്കം സംവിധാനങ്ങളും ഏര്‍പ്പെടുത്തി. അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയുമുണ്ട്.