പത്തനംതിട്ട: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് സാമഗ്രികള്‍ വിതരണം ചെയ്തു. നാലു നഗരസഭകളിലെയും എട്ടു ബ്ലോക്കുകളിലെയും കേന്ദ്രങ്ങളിലെ വിതരണം വൈകിട്ടോടെ പൂര്‍ത്തിയായി. ഇന്ന് രാവിലെ എട്ടുമണിയോടെ വിതരണം ആരംഭിച്ചു. വിതരണകേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച 81 ഇനം സാധന സാമഗ്രികള്‍ വാങ്ങിയ പോളിംഗ് ഉദ്യോഗസ്ഥരെ അതത് പോളിംഗ് ബൂത്തുകളില്‍ പ്രത്യേക വാഹനങ്ങളില്‍ എത്തിച്ചു.
ഗ്രാമപഞ്ചായത്തുകളിലെ ബൂത്തുകളില്‍ മൂന്നു ബാലറ്റ് യൂണിറ്റുകളും ഒരു കണ്‍ട്രോള്‍ യൂണിറ്റുമടങ്ങുന്ന വോട്ടിംഗ് യന്ത്രവും നഗരസഭകളിലേക്ക് ഒരു ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റുമടങ്ങുന്ന യന്ത്രവുമാണ് പ്രധാന ഇനം. കോവിഡ് പശ്ചാത്തലത്തില്‍ അഞ്ച് കോവിഡ് സ്പെഷല്‍ ഫോറങ്ങളും അവയ്ക്കുള്ള കവറുകളും, സാനിറ്റൈസര്‍, എന്‍ 95 മാസ്‌ക്, ഫേസ് ഷീല്‍ഡ്, ഗ്ലൗസ് എന്നീ നാല് സാധനങ്ങളും ഉള്‍പ്പെടും. പെന്‍സില്‍, ബാള്‍പോയിന്റ് പേന, പിന്‍, പശ, പെന്‍സില്‍ കാര്‍ബണ്‍, സെല്ലോ ടേപ്പ്, ഡമ്മി ബാലറ്റുകള്‍, സീലിംഗ് മെഴുക്, വിരല്‍ അടയാളമിടാന്‍ മഷി എന്നിവ കൂടാതെ മെഴുകുതിരി, തീപ്പെട്ടി, റബര്‍ ബാന്‍ഡ് എന്നിവയും ബ്‌ളേഡും കരുതും.
വോട്ടിംഗ് മെഷീന്‍ വയ്ക്കുന്ന കമ്പാര്‍ട്ട്‌മെന്റിനുള്ള സാമഗ്രികള്‍, പ്രിസൈഡിംഗ് ഓഫീസറുടെ ലോഹ സീല്‍, സ്ട്രിപ്പ് സീല്‍, ഗ്രീന്‍ പേപ്പര്‍ സീല്‍, വിവിധയിനം കവറുകള്‍, പോളിംഗ് ഏജന്റുമാര്‍ക്കുള്ള പാസ്, പ്രിസൈഡിംഗ് ഓഫീസറുടെ ഡയറി, ടെന്‍ഡര്‍ വോട്ടുകള്‍, ചലഞ്ച് വോട്ടുകള്‍ എന്നിവയുടെ ലിസ്റ്റ്, അന്ധരോ അവശരോ ആയ സമ്മതിദായകരുടെ സഹായി നല്‍കുന്ന പ്രഖ്യാപനം രേഖപ്പെടുത്തേണ്ട ഫോറം എന്നിവയോടൊപ്പം വോട്ടേഴ്‌സ് സ്‌ളിപ്പും, പോളിത്തീന്‍ ബാഗും വേസ്റ്റ് ബാസ്റ്റക്കറ്റും തുടങ്ങി അന്തിമ വോട്ടര്‍ പട്ടികയും ഉള്‍പ്പെടും.
ജില്ലയിലെ 1459 പോളിംഗ് ബൂത്തുകളിലേക്ക് 8844 പോളിംഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതില്‍ 1459 പ്രിസൈഡിംഗ് ഓഫീസര്‍മാരും 313 റിസര്‍വ് പ്രിസൈഡിംഗ് ഓഫീസര്‍മാരും 4377 പോളിംഗ് ഓഫീസര്‍മാരും 923 റിസര്‍വ് പോളിംഗ് ഓഫീസര്‍മാരും 1459 പോളിംഗ് അസിസ്റ്റന്റുമാരും 313 റിസര്‍വ് പോളിംഗ് അസിസ്റ്റന്റുമാരുമാണുള്ളത്.