റാന്നി: എൽ.ഡി.എഫിനൊപ്പം ചേർന്ന കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് റാന്നി സീറ്റ് നൽകിയതോടെ സി.പി.എമ്മിന് നഷ്ടമായത് തുടർച്ചയായി 25 വർഷം കുത്തകയാക്കി വെച്ചിരുന്ന മണ്ഡലമാണ്.
സംസ്ഥാന കമ്മറ്റിയുടെ തീരുമാനം വന്നതോടെ എൽ.ഡി.എഫിന് ഉറച്ച സീറ്റിലുള്ള പരീക്ഷണമാക്കിയത് തീക്കളിയാകുമോ എന്ന ആശങ്കയിലാണ് മണ്ഡത്തിലെ പ്രവർത്തകർ. ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് പോലും ജയസാധ്യതയുള്ള സീറ്റ് എന്ന നിലയിൽ അഞ്ച് തവണ വിജയിച്ച രാജു ഏബ്രഹാമിന്റെ പേരാണ് നിർദേശിച്ചത്. എന്നാൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ വ്യാഴാഴ്ച രാജു എബ്രഹാമിന്റെ പേര് ഒഴിവാക്കി. പകരം മറ്റൊരാളെ മത്സരിപ്പിക്കുമെന്നും സീറ്റ് സി.പി.എമ്മിന് തന്നെയായിരിക്കും എന്നായിരുന്നു റാന്നിയിലെ നേതാക്കളുടെയും പ്രവർത്തകരുടെയും കണക്കുകൂട്ടൽ. പകരക്കാരനായി പി.എസ്.സി അംഗവും മുൻ ഡി.വൈ എഫ് ഐ നേതാവുമായിരുന്ന റോഷന്‍ റോയി മാത്യുവിനെ പ്രവര്‍ത്തകര്‍ കണ്ടുവെക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇതെല്ലാം തെറ്റിച്ചുകൊണ്ട് ഇടിത്തീ പോലെയാണ് സീറ്റ് കേരള കോൺഗ്രസിന് നൽകിയെന്ന വാർത്ത പുറത്തു വന്നത്. പ്രവർത്തകർക്ക് പാർട്ടി തീരുമാനം അനുസരിക്കാതിരിക്കാൻ നിർവാഹമില്ല. ഇത് ഇവരെ പറഞ്ഞു മനസ്സിലാക്കാന്‍ നേതാക്കള്‍ വിയര്‍പ്പൊഴുക്കേണ്ടി വരും. ഇനി അഭിപ്രായങ്ങൾ പറയാമെന്നു മാത്രം. റാന്നി മണ്ഡലം 1996 ൽ യു.ഡി.എഫിൽ നിന്ന് പിടിച്ചെടുത്ത് തുടർച്ചയായി അഞ്ച് തവണ രാജു ഏബ്രഹാം മുടിചൂടാമന്നനായി റാന്നിയിൽ വാഴുകയായിരുന്നു. പല തവണ സംസ്ഥാന ഭരണം മാറി വന്നങ്കിലും റാന്നിയിൽ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രാജു ഏബ്രഹാമിനെ പരാജയപ്പെടുത്തുക അസാധ്യമായിരുന്നു. ഈ ആത്മവിശ്വാസത്തിലായിരുന്നു ജില്ലയിലെയും റാന്നിയിലെയും എൽ.ഡി.എഫ് നേതൃത്വം. ഇത് കളഞ്ഞു കുളിച്ചെന്ന ചിന്ത പല പ്രവർത്തകരുടെയും ഇടയിൽ നിന്ന് ഉയർന്നു വന്നു കഴിഞ്ഞു. വെള്ളിയാഴ്ച രാവിലെ വരെ ഒരു പക്ഷേ സ്ഥാനാർത്തിക്ക് മാറ്റം ഉണ്ടായലും സീറ്റ് നഷ്ടപ്പെടുമെന്ന് കരുതിയില്ല. പ്രത്യേകിച്ച് റോഷന്റെ പേര് ഉയർന്നു വരുന്ന സാഹചര്യത്തിൽ.
സീറ്റ് കേരള കോൺഗ്രസിന് ലഭിച്ചെന്ന വാർത്ത ലഭിച്ചതോടെ യു.ഡി.എഫ് , എൻ ഡി.എ കേന്ദ്രങ്ങൾ ആഹ്ളാദത്തിലാണ്. വിജയ സാധ്യതയുള്ള സ്ഥാനാർത്ഥി മാറിയെന്നു മാത്രമല്ല സീറ്റു പോലും സി പി എമ്മിനു നഷ്ടമായതിൽ അവർ അമിത പ്രതീക്ഷയിലാണ്. പോർക്കളത്തിൽ ഇറങ്ങാൻ കരുത്തരായ സ്ഥാനാർത്ഥിയെ തപ്പുകയാണ് യു.ഡി.എഫ്. എൻ ഡി.എക്കും ഇമേജുള്ള സ്ഥാനാർത്ഥിയുടെ കുറവ് മണ്ഡലത്തിൽ ഉണ്ട്.
കേരള കോണ്‍ഗസിന് സീറ്റ് ലഭിച്ചതിനെ തുടർന്ന് റാന്നിയിൽ സ്വന്തം നിലയിൽ പ്രവർത്തനം ആരംഭിക്കാനും മറ്റ് മണ്ഡലങ്ങളിൽ ഇടത് മുന്നണിയോടൊപ്പം ചേർന്ന് പ്രവർത്തിക്കാനും പ്രവർത്തകർക്ക് പാർട്ടി നിർദേശം നൽകി കഴിഞ്ഞു. രാജു എബ്രഹാമിനായി പത്തനംതിട്ട ജില്ലാ കമ്മറ്റിയില്‍ ഒറ്റക്കെട്ടായി അഭിപ്രായം ഉയര്‍ന്നെങ്കിലും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം എതിരായതോടെയാണ് കേരള കോണ്‍ഗ്രസ് സമ്മര്‍ദ്ദം ആരംഭിച്ചത്. സ്റ്റിയറിംഗ് കമ്മറ്റിയില്‍ സീറ്റിനായി ശക്തമായി വാദം ഉയര്‍ത്തി സംസ്ഥാന നേതൃത്വത്തോട് ആവശ്യമറിയിച്ചു.
യു.ഡി.എഫിനൊപ്പമായിരുന്നപ്പോള്‍ തിരുവല്ലയില്‍ സ്ഥിരമായി മത്സരിച്ചിരുന്ന കേരള കോണ്‍ഗ്രസ് ജെ.ഡി.എസില്‍ നിന്നും സീറ്റ് വിട്ട് കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് റാന്നിക്കായി നീക്കം ആരംഭിച്ചത്. എന്നാൽ 25 വര്‍ഷത്തോളം കുത്തകയാക്കി വെച്ചിരിക്കുന്ന മണ്ഡലം വിട്ടുകൊടുക്കാനാവില്ലെന്ന് സി.പി.എം ജില്ലാ കമ്മറ്റി നിലപാട് എടുത്തതോടെ ഒരു ഘട്ടത്തില്‍ പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ മങ്ങിയിരുന്നു. ഇപ്പോൾ തങ്ങൾക്ക് ലഭിച്ച അവസരം മുതലാക്കാൻ കേരള കോൺഗ്രസ് ഒരുങ്ങുകയാണ്.
ജില്ലാ പ്രസിഡന്റ് എൻ.എം രാജു, സംസ്ഥാന സെക്രട്ടറി സ്റ്റീഫൻ ജോർജ്, ആലിച്ചൻ ആറൊന്നിൽ, ബെന്നി കക്കാട് എന്നിവരുടെ പേരും ലിസ്റ്റിലുണ്ട്. യു.ഡി.എഫില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റില്‍ രാജു എബ്രഹാം മാറിയതോടെ സീറ്റിനായി പിടിവലി തുടങ്ങി. പഴവങ്ങാടി പഞ്ചായത്തിൽ തുടർച്ചയായി അഞ്ചു പ്രാവശ്യം വിജയിക്കുകയും, പഞ്ചായത്ത് പ്രസിഡന്റ് പദവി ഒന്നിലധികധികം തവണ വഹിച്ച അനിതാ അനിൽ കുമാർ, കെപിസിസി ഭാരവാഹി റിങ്കു ചെറിയാൻ, സതീഷ് പണിക്കർ, അഡ്വ.ഏബ്രഹാം മാത്യു പനച്ചിമൂട്ടിൽ, ലിജു ജോര്‍ജ്, വി.എസ് ജോയി തുടങ്ങിയവരുടെ പേരുകളാണ് ഉയർന്ന് വരുന്നത്.
തിരുവല്ലയുമായി കോൺഗ്രസ് മണ്ഡലം വെച്ചുമാറിയാൽ ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായിരിക്കും മത്സരിക്കുക . അഞ്ച് തവണ മത്സരിച്ച് ജയിച്ച രാജു എബ്രഹാമിന് സീറ്റ് നിഷേധിക്കുമെന്ന് ഉറപ്പായിരുന്നുവെങ്കിലും മണ്ഡലം കൈവിട്ട് പോകുമെന്ന് സിപിഎം ജില്ലാ നേത്യത്വം കരുതിയില്ല. രണ്ട് തവണ മത്സരിച്ച് ജയിച്ചവരെ ഒഴിവാക്കുമ്പോൾ രാജുവും അതിൽ ഉൾപ്പെടും. എന്നാൽ റാന്നി സീറ്റ് തന്നെ നഷ്ടപ്പെട്ടത് സിപിഎം ജില്ലാ നേതൃത്വത്തിന് തിരിച്ചടിയായി. രാജുവിന് പകരം യുവ നേതാവ് റോഷൻ റോയി മാത്യുവിനെ മത്സരിപ്പിച്ച് മണ്ഡലം നിലനിർത്താമെന്ന കണക്ക് കൂട്ടലിൽ ആയിരുന്നു സി പിഎം ജില്ലാ നേതൃത്വം.