റാന്നി: വാഹന യാത്രക്കാർക്കു അപകട ഭീഷണി ഉയര്‍ത്തി വൈദ്യുതി തൂൺ. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ചെല്ലക്കാടിനും മന്ദമരുതിക്കും മധ്യേ സ്‌ഥാപിച്ചിട്ടുള്ള 33 കെവി വൈദ്യുതി തൂണുകളിലൊന്നാണ് അപകടക്കെണിയാകുന്നത്. സംസ്‌ഥാന പാതയുടെ ഓടയോടു ചേർന്നുള്ള കട്ടിങ്ങിനു താഴെയാണ് ഇരുമ്പ് തൂൺ സ്‌ഥാപിച്ചിട്ടുള്ളത്. അടുത്തിടെ കനത്ത മഴയിൽ കട്ടിങ് ഇടിഞ്ഞു വീണിരുന്നു. തൂണിനു സംരക്ഷണമേകിയിരുന്ന മണ്ണും കല്ലും അടക്കമാണ് ഇടിഞ്ഞു റോഡിലും ഓടയിലുമായി വീണത്.
റോഡിലും ഓടയിലുമായി കിടന്ന മണ്ണിൽ കുറെ കരാർ കമ്പനിയുടെ ജീവനക്കാര്‍ നീക്കിയിരുന്നു. തൂണിന്റെ സ്‌റ്റേ കമ്പിയും ഒന്നു പൊട്ടിക്കിടക്കുകയാണ്. മണിമല 33 കെവി സബ് സ്‌റ്റേഷനിലേക്കു വൈദ്യുതി എത്തിക്കുന്ന ലൈനാണിത്. വർഷങ്ങൾക്കു മുൻപു സ്ഥാപിച്ചതാണിത്. ഇരുമ്പു തൂണുകളെല്ലാം തുരുമ്പിച്ചു നശിച്ചു. ചരിഞ്ഞു നിൽക്കുന്ന തൂൺ ഒടിഞ്ഞു വീണാൽ വാഹനങ്ങൾക്കു ഭീഷണിയാകുമെന്നതില്‍ തര്‍ക്കമില്ല. അപകടം ഉണ്ടാകാന്‍ കാത്തിരിക്കാതെ പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു.