പത്തനംതിട്ട : സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പമ്പ – സന്നിധാനം പാതയിൽ ദേവസ്വം ബോർഡ് വഴിവിളക്കിനായി ഉരുക്കുതൂണുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇത്തരം തൂണുകളിൽ കൂടി ഫോൺ, സിസിടിവി ഉൾപ്പടെയുള്ളവയുടെ നിരവധി കേബിളുകളും പോകുന്നുണ്ട് . ഇവയുടെ സുരക്ഷാ പരിശോധന കൃത്യമായി നടത്താറില്ല. കഴിഞ്ഞ ദിവസം സന്നിധാനം പാതയിൽ തീർഥാടക ഷോക്കേറ്റു മരിച്ചതിനു പിന്നാലെയാണ് സുരക്ഷാ പിഴവുകൾ ശ്രദ്ധേയമാകുന്നത്. പമ്പയിലെ കുടിവെള്ള കിയോസ്ക്കിന് സമീപമുള്ള വൈദ്യുത പോസ്റ്ററിൽ നിന്ന് വൈദ്യുതി പ്രവഹിച്ചാണ് തെലുങ്കാനയിൽ നിന്നെത്തിയ അയ്യപ്പ ഭക്ത മരിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തൽ. വാട്ടർ കിയോസ്കിലേക്ക് വൈദ്യുതി എത്തിച്ചത് ഈ തൂണുകളിലൂടെയാണെങ്കിലും നിലവിൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഒരു വകുപ്പും തയാറാകുന്നില്ല.
സംഭവത്തിൽ ദേവസ്വം ബോർഡിന് സംഭവിച്ച വീഴ്ചക്കെതിരെ പ്രതിഷേധവും ശക്തമാണ്. കഴിഞ്ഞ 19ന് വൈകുന്നേരമാണ് തെലുങ്കാന സ്വദേശിനി ഭരതമ്മ (55) ദേവസ്വം ബോർഡിന്റെ വാട്ടർ കിയോസ്കിൽ നിന്നും വെള്ളം എടുക്കുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റത്. അപകടകാരണം കണ്ടെത്താൻ കെഎസ്ഇബി, ദേവസ്വം ബോർഡ്, മരാമത്ത് ഇലക്ട്രിക് വിഭാഗം ഉദ്യോഗസ്ഥർ, എന്നിവർ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തി. കിയോസ്ക്കിന് സമീപമുള്ള വൈദ്യുത പോസ്റ്റിൽ നിന്ന് വൈദ്യുതി പ്രവഹിച്ചു എന്നാണ് കണ്ടെത്തൽ. വൈദ്യുത പോസ്റ്റിൽ നിന്നും കമ്പി ഉപയോഗിച്ച് വാട്ടർ കിയോസ്ക്കിനെ ബന്ധിപ്പിച്ചിരുന്നു. ഇതാണ് കിയോസ്ക്കിലേക്ക് വൈദ്യുതി എത്താൻ കാരണമെന്ന് പരിശോധനയിൽ തെളിഞ്ഞു.
കിയോസ്ക് ഉറപ്പിച്ചു നിർത്താതെ കമ്പി ഉപയോഗിച്ച് കെട്ടിയതാണ് അപകടമുണ്ടാക്കിയതെന്ന് ദേവസം ബോർഡിന്റെയും വൈദ്യുതി വകുപ്പിന്റെയും ഇലക്ട്രിക്കൽ വിഭാഗം ആരോപിക്കുന്നു. എന്നാൽ വൈദ്യുതി വകുപ്പിന് വീഴ്ച സംഭവിച്ചു എന്നാണ് ജലഅതോറിറ്റിയുടെ ആരോപണം. സന്നിധാനം പാതയിൽ കുടിവെള്ളം എടുക്കാൻ ജല അഥോറിറ്റിയുടെ കിയോസ്ക്കുകൾക്ക് മുന്നിൽ പലപ്പോഴും വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. പല കിയോസ്കുകളും ജീർണാവസ്ഥയിലാണ്. ഇവയിൽ പലതിലും അറ്റകുറ്റപ്പണികൾ നടത്തുന്നത് മണ്ഡലകാലത്തുമാത്രം. കിയോസ്ക്കുകൾ പലതും ഉറപ്പിച്ചു നിർത്തിയിട്ടു പോലുമില്ല. കെഎസ്ഇബിയുടെ പോസ്റ്റിലേക്ക് വലിച്ചുകെട്ടിയ കിയോസ്ക്കുകളുമുണ്ട്.