തൃശ്ശൂര്‍ : ഇലക്ട്രിക് സ്കൂട്ടറിന്റെ തകരാര്‍ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ രാജസ്ഥാനിലെ ഒക്കിനാവ ആട്ടോടെക് പ്രൈവറ്റ് ലിമിറ്റഡ് 88,750 രൂപയും നഷ്ടപരിഹാരമായി 30,000 രൂപയും വാഹനം വിറ്റ തൃശൂർ റാപിഡ് മോട്ടോർസ് 15000 രൂപയും നല്‍കുവാന്‍ തൃശുർ ഉപഭോക്തൃ കോടതി വിധി. തൊട്ടിപ്പാൾ കാരിക്കോട്ട് വീട്ടിൽ ഡിജേഷ് കെ.എം. ഫയൽ ചെയ്ത ഹർജിയിലാണ് ഉത്തരവ്. ഡിജേഷ് 88,750 രൂപ നൽകിയാണ് പുതിയ ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയത്. വാഹനത്തിന്റെ ബാറ്ററികള്‍ മോശമായതിനാല്‍ കമ്പനി വാഗ്ദാനം ചെയ്ത മൈലേജ് ലഭിച്ചില്ല. കൃത്യമായി സർവ്വീസുകൾ നൽകുവാൻ സ്കൂട്ടര്‍ നിര്‍മ്മാതാവിനും ഡീലര്‍ക്കും കഴിഞ്ഞില്ല. വാഹനം ഉപയോഗക്ഷമമല്ലാത്ത അവസ്ഥയിലായതിനാല്‍ ഡിജേഷ് കെ.എം. തൃശുർ ഉപഭോക്തൃ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.
കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിച്ചു. വാഹനത്തിന്റെ രൂപകല്പനയിലെ തകരാറും നിർമ്മാണ വൈകല്യവും റിപ്പോർട്ട് ചെയ്യപ്പെട്ടൂ. പുതിയ സ്കൂട്ടർ വാങ്ങിയതിന്റെ ഫലം തന്നെ ഹർജിക്കാരന് നഷ്ടപ്പെട്ടു എന്ന് കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശുർ ഉപഭോക്തൃ കോടതി നിർമ്മാതാവായ ഒക്കിനാവ കമ്പനിയോട് സ്കൂട്ടറിന്റെ വിലയായി വാങ്ങിയ 88,750 രൂപ തിരികെ നല്‍കാനും നഷ്ടപരിഹാരമായി 30,000 രൂപയും നൽകണമെന്നും വില്പനക്കാരനായ റാപിഡ് മോട്ടോർസ് 15,000 രൂപ നല്കണമെന്നും വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ. ഏ.ഡി. ബെന്നി ഹാജരായി.































